
സ്കൂളുവിട്ടു വീട്ടിൽ എത്തുമ്പോൾ സൂര്യൻ പടിഞ്ഞാറ് അസ്തമിക്കാനുള്ള തയ്യാറെടുപ്പെങ്കിൽ എൻ്റെ വിശപ്പ് നട്ടുച്ചയിലായിരിക്കും. കഴിക്കാനെന്താ ഉള്ളത് എന്ന ചോദ്യത്തോടെയാകും വീട്ടിലേക്ക് പ്രവേശിക്കുക.. അടുക്കളയിൽ നൂണ്ടു കയറി പാത്രത്തിൻ്റെ മൂടി മാറ്റി നോക്കുമ്പോഴേക്കും പുറകിൽ നിന്ന് ഒരു സ്വരമുണ്ടാകും ‘ പോയി കൈയ്യും കാലും മുഖവും കഴുകി വാടാ… ‘ .
ഇനി ഡ്രസ്സ് നന്നായി മുഷിഞ്ഞാണ് വരവെങ്കിൽ ഈ സ്വരം ‘നീ ഇനി കുളിച്ചിട്ട് കഴിച്ചാൽ മതി ‘ എന്നായി മാറും.
അന്നൊക്കെ കുളി തന്നെ രണ്ടു തരമുണ്ട് . ഒന്നാമത്തേത് ബുള്ളറ്റ് കുളി . ബാത്‌റൂമിൽ കയറുന്നതും ഇറങ്ങുന്നതും ഒരുമിച്ചായിരുക്കും . ഇത് പ്രധാനമായും സംഭവിക്കുക ക്രിക്കറ്റ് കളി റ്റിവിയിൽ കാണുമ്പോഴാണ്… പ്രത്യേകിച്ച് ഇന്ത്യൻ ടീം ബാറ്റു ചെയ്യുമ്പോൾ.. അല്ലെങ്കിൽ വിശപ്പു കൊണ്ട് കണ്ണു കാണാത്ത അവസ്ഥയിൽ . രണ്ടാമത്തെ കുളിയാണ് സംഭവം. പാട്ട് കേൾക്കുന്നത് എനിക്ക് പണ്ടേ വലിയ ഇഷ്ടമാണ് . പക്ഷേ പാട്ടുപാടാൻ കഴിവില്ലായിരുന്നു . അല്ലേലും ദൈവം എല്ലാ കഴിവും എല്ലാവർക്കും നൽകില്ലല്ലോ . ഈ വിഷമം ഞാൻ തീർക്കുന്നത് ബാത്ത് റൂമിലാണ്… ടാപ്പിൽ നിന്നുള്ള വെള്ളത്തിനൊപ്പം എൻ്റെ കണ്ഠത്തിൽ നിന്നും സ്വരരാഗ ഗംഗാപ്രവാഹം ഉണ്ടാകും…. ചിലപ്പോൾ എൻ്റെ സ്വരമാധുര്യം വീട്ടിലുള്ളവരുടെ കാതുകളിൽ പതിയുമ്പോൾ അവരുടെ കൈകൾ ബാത്‌റൂമിന്റെ കതകിൽ ആഞ്ഞുപതിയും. അപ്പോഴാണ് എൻ്റെ ഉള്ളിലെ പാട്ടുകാരൻ ഒന്നടങ്ങുക .
കുളി ഒരു അത്ഭുതമാകുന്നത് യുവജനമുന്നേറ്റവുമായുള്ള ഉത്തരവാദിത്വങ്ങൾ ചെയ്യാൻ തുടങ്ങിയ കാലത്താണ്. ചെറുതും വലുതുമായ പല ആശയങ്ങളുടേയും നാമ്പ് മുളയ്ക്കുന്നത് തലയിൽ വെള്ളം വീഴുമ്പോഴാണ്. പിന്നീട് അതിൽ മിക്കതും ദൈവകൃപയാൽ നിറവേറ്റാനും സാധിച്ചു . ജോലിയുടെ തിരക്കും സമ്മർദവുമായി നടക്കുമ്പോഴാണ് സുഹൃത്തായ ഒരു ചേട്ടൻ താൻ ചെയ്യാറുള്ള കാര്യം പറഞ്ഞത്. കക്ഷി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ന്യൂസ് ചാനലിലാണ് ജോലി ചെയ്യുന്നത് . കുളിക്കുമ്പോൾ , പ്രത്യേകിച്ച് തലയിൽ വെള്ളം വീഴുമ്പോൾ ദൈവമേ നിൻ്റെ ആത്മാവിനാൽ എന്നെ നിറയ്ക്കണമേയെന്നും എന്നിലെ സമ്മർദങ്ങളെ ഈ വെള്ളത്തോട് ചേർത്ത് അലിഞ്ഞില്ലാതാക്കണമേ എന്നും പ്രാർത്ഥിക്കും. ഞാനുമിത് സമ്മർദങ്ങൾക്ക് അടിമപ്പെടുമ്പോൾ പ്രയോഗിക്കാൻ തുടങ്ങി. ഒരു കുളിയെങ്കിലും വെറുതെ വിട്ടൂടെ എന്നൊന്നും ചോദിക്കരുത്… പ്രാർത്ഥന തലക്ക് പിടിച്ച് സൈക്കോസിസത്തിൻ്റെ ഭയാനക അവസ്ഥയിലെത്തിയെന്നും കരുതണ്ട.
‘എൻ്റെ ദൈവമേ’ എന്ന ഒരു ചിന്ത പോലും പ്രാർത്ഥനയായി കണക്കാക്കാമെങ്കിൽ ഇത് വളരെ സിമ്പിളായ കാര്യമാണെന്ന് ബോധ്യപ്പെടും.
മിക്ക മതങ്ങളിലും ആത്മീയ കർമ്മങ്ങളുമായി ബന്ധപ്പെട്ട് ശരീരം ശുചിയാക്കുന്നതിന് പരമ പ്രാധാന്യം നൽകിയിട്ടുണ്ട്. ക്രൈസ്തവർക്ക് മാമോദീസായിൽ തലയിൽ വെള്ളം ഒഴിക്കുന്നത് പ്രധാനമാണ് . ബൈബിളിൽ തന്നെ പ്രധാന പുരോഹിതൻ സമാഗമ കൂടാരത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കുളിച്ച് ശുചിയാകുന്നതും , റൂത്ത് കുളിച്ച് തൈലം പൂശി ബോവാസിൻ്റെ അടുത്തേക്ക് പോകുന്നതും , ഏശയ്യ പ്രവാചകൻ പറഞ്ഞതനുസരിച്ച് ജോർദ്ദാൻ നദിയിൽ ഏഴു പ്രാവശ്യം കുളിച്ച് സിറിയാ രാജാവിൻ്റെ സൈന്യാധിപൻ നാമാൻ കുഷ്ഠരോഗത്തിൽ നിന്ന് സൗഖ്യം പ്രാപിക്കുന്നതും ഏതാനും ഉദാഹരണങ്ങൾ മാത്രമാണ് .
ഒരു സ്പിരിച്വൽ എക്സർസൈസിൻ്റെ ഭാഗമായി ഒരിക്കൽ ഒരു ടാസ്ക് ലഭിച്ചു . കുളിക്കുന്നതിന് തൊട്ടു മുൻപ് സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു തുടങ്ങുന്ന കുഞ്ഞു പ്രാർത്ഥന ചെല്ലുക . ആദ്യമാദ്യം പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എങ്കിലും യേശുവിന് ജ്ഞാനസ്നാനം നല്കുന്ന സമയത്ത് പിതാവായ ദൈവത്തിൻ്റെ സാന്നിധ്യവും സ്വരവും ആ സമയത്ത് മനസിൽ തെളിഞ്ഞു. എൻ്റെ ശരീരത്തിനൊപ്പം മനസ്സിനെയും ആത്മാവിനെയും ശുദ്ധീകരിക്കണമേ എന്ന് ദൈവത്തോട് പറഞ്ഞു .
പിന്നീടുള്ള എൻ്റെ ഓരോ കുളിയും വെറുതെയാവില്ലെന്നുറപ്പിച്ചു.
ഓരോ കുളിയും കഴിയുമ്പോൾ ദൈവത്തിൻ്റെ വിശുദ്ധിയിലേക്കുള്ള പടവുകൾ കയറുകയാണ് . അങ്ങിനെ നോക്കുമ്പോൾ ഓരോ കുളിയും ദൈവ ആത്മാവിൻ്റെ നിറവായി മാറും. ഒടുവിലിപ്പോൾ കുളിക്കണമെങ്കിൽ സോപ്പും തോർത്തും മാത്രം പോര, സ്വർഗസ്ഥനായ പിതാവും വേണമെന്നായി…