വീട്ടിൽ അവധിദിനങ്ങൾ ആഘോഷമാക്കാനുള്ള ട്രിപ്പ് പ്ലാനിങ്ങിൽ ആണ് എല്ലാവരും. ഇത്ര ഉഷാറാകാനുള്ള കാരണം രോഗവിമുക്തമായ ‘കിനാശ്ശേരി’ എന്ന സ്വപ്നം വീട്ടിൽ കുറച്ചു കാലത്തേങ്കിലും യാഥാർത്യമാകാൻ പോകുന്നതിൻ്റെ ശുഭ സൂചനകളാണ്. കുറച്ച് നാളായി , ഒരു നാണവും മാനവും ഇല്ലാതെ വീട്ടിൽ കറങ്ങി നടക്കുന്ന ചില രോഗങ്ങൾ ഉണ്ട്. ഉള്ളത് പറയണമല്ലോ വീട്ടിൽ ഇതുങ്ങൾക്ക് ഏറ്റവും ഇഷ്ടം എന്നോടാണെന്ന് തോന്നുന്നു. സ്വന്തം ഭർത്താവിനെ മറ്റാെരാൾ തന്നേക്കാൾ ഉപരി സ്നേഹിക്കുമ്പോൾ ഉണ്ടാക്കുന്ന ദേഷ്യം റോസ്മിക്ക് ഈ രോഗങ്ങളോട് ഉണ്ട്. അതിന് അവളെ കുറ്റപ്പെടുത്താൻ പറ്റില്ല . ആംബുലൻസ് വിളിക്കാനും, നല്ല തണുപ്പത്തും എമർജൻസി ഡിപ്പാർട്മെൻ്റിന് പുറത്ത് എനിക്ക് വേണ്ടി കാത്ത് നിൽക്കാനും , രാത്രികളിൽ ഞാൻ ചുമച്ചും ഛർദിച്ചും അരങ്ങ് തകർക്കുമ്പോൾ ഉറക്കംമുറിച്ച് കൂടെ നിൽക്കുന്നതും അവളാണ്. പറഞ്ഞ് വരുമ്പോൾ അസുഖങ്ങളൊന്നും ഹൈ സ്റ്റാൻഡേർഡിൽ പെട്ടതല്ലെങ്കിലും അതുണ്ടാക്കുന്ന അല്ലലുകൾ ചില്ലറയല്ല. പിന്നെ എന്നെ സ്നേഹിച്ച് കൊതി തീരുമ്പോൾ ഇടയ്ക്ക് ഇവറ്റകൾ വീട്ടിലുള്ള മറ്റുള്ളവരുടെ അടുത്തേക്കു മാറും. രണ്ടു മാസത്തേക്ക് ഞങ്ങളുടെ കൂടെ നിൽക്കാൻ വന്ന പപ്പയേയും മമ്മിയേയും വരെ അവർ വെറുതെ വിട്ടില്ല.
രോഗക്കാലം മാറി എന്ന വിശ്വാസത്തിൽ ഞങ്ങൾ ആദ്യ ദിനം തൊട്ടടുത്തുള്ള സ്ഥലം സന്ദർശിച്ച് ഹാപ്പിയായി വീട്ടിൽ തിരിച്ചെത്തി.
അടുത്ത ദിവസം മുതൽ ഭാര്യയ്ക്ക് ചില അസ്വസ്ഥതകൾ . കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോൾ ഡോക്ടർ ഉറപ്പിച്ചു. ഒരു പകർച്ചവ്യാധിയും കൂടി ഞങ്ങളുടെ വീട്ടിൽ വിരുന്നു വന്നിരിക്കുന്നു. തണുപ്പുകാലത്ത് ഇത്തരം അസുഖങ്ങൾ വരുമോ എന്ന് നാട്ടിലുള്ളവർ ചോദിക്കുന്നുണ്ടെങ്കിലും കഥയിൽ ചോദ്യമില്ല എന്ന പോലെയാണ് രോഗത്തിൻ്റെ കാര്യം. ഡോക്ടറെ കണ്ട് തിരിച്ച് വീട്ടിലേക്ക് വരുന്ന വരവിൽ എന്നിലെ നന്മ മരം മൊട്ടിട്ടു. ജോലിയും വീട്ടു കാര്യങ്ങളും എങ്ങനെ ബാലൻസ് ചെയ്ത് പോകണം എന്നും രോഗികളോട് എങ്ങനെ കൂടുതൽ നന്നായി പെരുമാറണം എന്നും ഭാര്യയേയും കുട്ടികളേയും കാണിച്ചു കൊടുക്കാൻ തീരുമാനിച്ചു . പക്ഷേ ഇരുപത്തിനാല് മണിക്കൂർ വേണ്ടിവന്നില്ല എൻ്റെ ഉള്ളിലെ നന്മ മരം കടപുഴകി വീഴാൻ.
സാധാരണ ഞങ്ങളുടെ മൂന്നു വയസ്സുകാരൻ ജോണുവിന് രാത്രിയിൽ ഉറങ്ങാൻ റോസ്മി വേണം . അന്ന് എൻ്റെ കൂടെയാണ് അവൻ ഉറങ്ങാൻ കിടന്നത് . രാത്രി ഒരു പതിനൊന്നര വരെ ഓർമ്മയുണ്ട്. പിന്നെ ഞാൻ ആണോ ജോണുവാണോ ആദ്യം ഉറങ്ങിയത് എന്ന് തീരെ നിശ്ചയമില്ല. പുലർച്ചെ ഒരു മൂന്നരയായപ്പോൾ ഞാൻ നനവാർന്ന ആ സത്യം തിരിച്ചറിഞ്ഞു. ജോണുവിനെ ഉറക്കാനുള്ള ശ്രമത്തിൽ ഡയപ്പർ ഇടീക്കാൻ മറന്നു . ആശാൻ്റെ ഇട്ടിരിക്കുന്ന ഉടുപ്പ് മുഴുവൻ നനഞ്ഞിരിക്കുന്നു . പിന്നെ ഉടുപ്പ് മാറ്റി, ഇനി റിസ്ക് എടുക്കാൻ താല്പര്യമില്ലാത്തതിനാൽ ഡയപ്പറും ഇടിയച്ച് ബെഡും ശരിയാക്കി കഴിഞ്ഞപ്പോൾ ഉറക്കം എവിടെ പോയി എന്നറിയില്ല. പിന്നെയെപ്പോഴോ ഉറങ്ങിയ ഞാൻ പൊങ്ങിയപ്പോൾ രാവിലെ എട്ടു മണി കഴിഞ്ഞു. പിന്നെ ഒരു ഓട്ടപ്രദിക്ഷണമായിരുന്നു. ഇതിൻ്റെ ഇടയിൽ എൻ്റെ കുക്കിംഗ് സ്പീഡ് വളരെ കുറവാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. കുട്ടികൾക്കും റോസ്മിക്കും ബ്രേക്ഫാസ്റ്റ് കൊടുത്തപ്പോഴേയ്ക്കും മണി പത്തു കഴിഞ്ഞു. മൂത്ത രണ്ടു മക്കൾ അമേയയ്ക്കും ഏബലിനും സ്കൂൾ അവധി ആയതു ഭാഗ്യം. ഇനി ലഞ്ച് ഉണ്ടാക്കണം, ഉച്ചകഴിഞ്ഞ് ജോണുവിന് പ്ലേ സ്കൂളിൽ ട്രയൽ ടൈം ഉണ്ട്. ആ സമയത്ത് അവന്റെ കൂടെ അവിടെ ഇരിക്കണം. പിന്നെ ഓഫീസിൽ വിളിച്ചു അവസ്ഥ പറഞ്ഞു ലീവ് എടുത്തു. ഇടയ്ക്ക് വന്ന് ഓരോ നിർദ്ദേശങ്ങൾ തന്ന ഭാര്യയെ കണക്കിന് വഴക്ക് പറഞ്ഞ് കരയിപ്പിച്ച് വിട്ടു. വിചാരിച്ചതു പോലെ കാര്യങ്ങൾ നടക്കാത്തതിൻ്റെ ദേഷ്യത്തിൻ്റെ ഓഹരി കുട്ടികൾക്കും കിട്ടി… വൈകുന്നേരമായപ്പോൾ ഞാൻ തോൽവി സമ്മതിച്ചു. പക്ഷേ ഈ സമ്മതം കൊണ്ട് ഒരു കാര്യവുമില്ല. കാരണം ഒരാഴ്ച്ച എങ്കിലും എടുക്കും റോസ്മിയുടെ അസുഖം മാറാൻ. കുറച്ച് ഭക്ഷണം ഉണ്ടാക്കി കൊണ്ടു തരാം എന്ന് പറഞ്ഞ് കൂട്ടുകാർ വിളിച്ചെങ്കിലും , അവർക്കെങ്ങാനും അസുഖം പിടിച്ചാൽ കുഞ്ഞുകുട്ടികൾ അടക്കമുള്ള അവരുടെ കുടുംബം ബുദ്ധിമുട്ടിൽ ആകും എന്ന് തോന്നിയതിനാൽ വരേണ്ടയെന്ന് പറഞ്ഞു.
രാത്രി എല്ലാവരും ഉറങ്ങിയിട്ടും എനിക്ക് ഉറക്കം വന്നില്ല. അപ്പോഴാണ് വീട്ടിലെ മാതാവിൻ്റെയും ഉണ്ണി ഈശോയുടേയും യൗസേപ്പിതാവിൻ്റെയും രൂപത്തിൻ്റെ അടുത്തു പോയി ഇരുന്നത് . വളരെയേറെ സംഘർഷങ്ങളിലൂടെ കടന്നുപോയ ഒരു കുടുംബം. ഗർഭണിയായ മറിയവുമായി ബേത്‌ലെഹെമിലേക്ക് യാത്ര, അവിടെ വച്ച് വളരെ ശോകമായ സാഹചര്യത്തിൽ ജനനം, പ്രാണരക്ഷാർത്ഥം ശിശുവിനേയും അമ്മയേയും കൂട്ടി ഈജിപ്തിലേക്കുള്ള പലായനം, അവിടെ ഉറ്റവരേയും ഉടയവരേയും വിട്ടുള്ള പ്രവാസ ജീവിതം, പിന്നിട് നസ്രത്തിൽ ചെന്ന് താമസം. ഈ സാഹചര്യങ്ങളിലും ആരും മുറുമുറുക്കുകയോ പരസ്പരം പഴി ചാരുകയോ ചെയ്യുന്നില്ല. പറഞ്ഞ് വരുമ്പോൾ ദൈവപുത്രൻ്റെ വളർത്തച്ഛൻ ആണെങ്കിലും നന്നായി അധ്വാനിക്കേണ്ടി വന്നു ആ പാവത്തിന്, മൂന്ന് വയറിൻ്റെ വിശപ്പടക്കാൻ. എന്നിട്ടും ശാന്തമായി ഉറങ്ങുന്ന യൗസേപ്പിതാവ് വളരെയധികം എന്നെ സ്പർശിച്ചു.
ഞാൻ മൂന്ന് ബോധ്യങ്ങളുമായി കിടക്കാൻ പോയി . ഒന്ന് ഞാൻ ഒരു സംഭവം ആണെന്നോ ഒരു നന്മ മരം ആണെന്നോ കാണിക്കാൻ ശ്രമിക്കില്ല. രണ്ട് ദൈവസഹായമില്ലാതെ വീട്ടിലെയും മറ്റും ഉത്തരവാദിത്വങ്ങൾ ചെയ്യാൻ സാധിക്കുകയില്ല. മൂന്ന് റോസ്മി അസുഖം മാറി വന്നാലും പറ്റുന്ന പോലെ അടുക്കളയിൽ സഹായിക്കും.
പിന്നീടുള്ള ദിവസങ്ങളിൽ വ്യത്യാസങ്ങൾ കണ്ടു തുടങ്ങി.
അടുക്കളയിൽ എൻ്റെ വക പുതിയ പരീക്ഷണങ്ങൾ അരങ്ങേറി. പണ്ടത്തേ പോലെ കുട്ടികളോടുള്ള ചീത്ത പറച്ചിലിൽ കുറവു വന്നു. അവരേയും കൂടെകൂട്ടി കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ജോണു ഇപ്പോൾ കൂടുതൽ കാര്യങ്ങൾ റോസ്മിയെ കൂടാതെ ചെയ്യുന്നുണ്ട്. റോസ്മി അസുഖ കാലം കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ പുതിയ പാത്രങ്ങളും ഉപകരണങ്ങളും കണ്ട് പറയുന്നുണ്ടായിരുന്നു, ഇതൊക്കെ മേടിക്കാൻ മടിയുള്ള ഭർത്താക്കന്മാരെ ഒരാഴ്ച അടുക്കള ഏല്പിച്ചാൽ വേണ്ടതെല്ലാം പറയാതെ തന്നെ എത്തിക്കോളും. ….
എനിക്ക് ലഭിച്ച ബോധ്യങ്ങളൊക്കെ നല്ലത് തന്നെ . പക്ഷേ ഓരോ പുതിയ പ്രതിസന്ധികൾ വരുമ്പോൾ ആ ബോധ്യങ്ങൾ പ്രാവർത്തികമാക്കാൻ ഞാൻ പ്രയസപെടാൻ തുടങ്ങി. ഇടയ്ക്ക് ഉറക്കവും ശാന്തതയും ഒക്കെ കൈമോശം വരുമ്പോൾ ഞാൻ വീട്ടിൽ യൗസേപ്പിതാവിൻ്റെ ഉറങ്ങുന്ന രൂപത്തിൻ്റെ അടുത്ത് പോയി നിൽക്കും. ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും ദൈവത്തിൻ്റെ ഹിതം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചതുകൊണ്ടാണ് പുള്ളിക്കാരന് ഇങ്ങനെ ഉറങ്ങാൻ പറ്റുന്നത്. ബൈബിളിൽ യൗസേപ്പിതാവിൻ്റെ ആദ്യ തീരുമാനം തന്നെ മറിയത്തെ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ദൈവഹിതം അറിഞ്ഞപ്പോൾ ആ തീരുമാനത്തിൽ നിന്ന് പിൻമാറി. അല്ലാതെ ഞാൻ തീരുമാനിച്ചതിൽ നിന്ന് അണുവിട പിൻമാറില്ല എന്ന് പറഞ്ഞ് പാറപോലെ നിന്നില്ല. ആ ചിന്ത എന്നിൽ ഒരു പുതിയ വെളിച്ചം പകർന്നു….
ദൈവമനസ്സ് അറിഞ്ഞ് പ്രവർത്തിക്കാൻ ഭൂമിയിലെ ഓരോ അപ്പൻമാരും ശ്രമിക്കുമ്പോൾ father’s day God’s day മാറും …
how are you dear…?
parents vannittundo?
LikeLike