യൂറോപ്പിനെ കുറിച്ച്‌ ഒരക്ഷരം മിണ്ടിപ്പോകരുത്

കാറില്‍ നിന്ന് ഇറങ്ങി ജര്‍മന്‍കാരന്‍ ചേട്ടന് യാത്ര പറയുമ്പോള്‍ എന്റെ ചില മുന്‍ ധാരണകളോടും കൂടിയാണ് ബൈ ബൈ പറയേണ്ടി വന്നത്. കൊളോണില്‍ ജീസസ് യൂത്തിന്റെ പ്രയര്‍ മീറ്റിംഗ് പുനരാരംഭിക്കാന്‍ വിചാരിച്ചപ്പോള്‍ ലഭിച്ചതാണ് ഈ ജര്‍മന്‍കാരന്‍ ചേട്ടന്റെ ഫോണ്‍ നമ്പര്‍. വല്ല അടിച്ചു പൊളി ആളായിരിക്കും, നേരേചൊവ്വേ പല മലയാളികളെയും വിളിച്ചിട്ട് ഞായറാഴ്ച മുഴുവന്‍ ബിസിയാണെന്നുള്ള മറുപടികള്‍ കേട്ട് വിഷണ്ണനായി ഇരിക്കുമ്പോളാണ് ഒരു ജര്‍മന്‍കാരന്‍.. ഇങ്ങനെ തുടങ്ങുന്നു അദ്ദേഹത്തെ വിളിക്കാതിരിക്കാനുളള എന്റെ ന്യായീകരണങ്ങള്‍.

അടുത്തറിഞ്ഞപ്പോള്‍ മനസ്സിലായി എന്നും വി. കുര്‍ബാനയില്‍ പങ്കെടുക്കുന്നയാള്‍, മണിക്കൂറുകള്‍ വി. കുര്‍ബാനയുടെ മുന്നില്‍ ആരാധിക്കാറുള്ളയാള്‍, നല്ലൊരു കുടുംബ ജീവിതം നയിക്കുന്നയാള്‍, എല്ലാറ്റിനുപരി ഈശോയെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നയാള്‍. പലതും അദ്ദേഹത്തില്‍ നിന്നും പഠിക്കാനുണ്ടെന്ന് മനസ്സിലായി. പിന്നീടുള്ള മിക്ക ജീസസ് യൂത്ത് ഗാതറിങ്ങിനും നൈറ്റ് വിജിലിനും ചേട്ടനുണ്ടാകും. വരുമ്പോള്‍ ഞങ്ങളെ പോലെ വിശപ്പിന്റെ അസുഖമുള്ളവര്‍ക്ക് മരുന്നായി അല്‍പം ഭക്ഷണ പൊതികള്‍ കൊണ്ടുവരും. ഫാമിലി നാട്ടിലായതിന്റെ വിഷമത്തിലായിരിക്കുന്ന എന്നെപോലെ ഒരു സുഹൃത്ത് കൊളോണ്‍ പ്രയര്‍ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ടാളിനേയും കൂട്ടി നമ്മുടെ ജര്‍മന്‍ ചേട്ടന്‍ കുറച്ചു ദൂരെയുള്ള മാതാവിന്റെ തീര്‍ഥാടന കേന്ദ്രത്തിലേക്ക് പോയി.

ആ യാത്രയുടെ അവസാനം ഞങ്ങള്‍ അദ്ദേഹത്തിനോട് പേരിന്റെ കൂടെ ‘ചേട്ടാ’ എന്നു വിളിച്ചു. കാരണം അത് ഹൃദയത്തില്‍ നിന്നു വിളിച്ചതായിരുന്നു. എണ്ണത്തില്‍ കുറവാണെങ്കിലും കുടുംബത്തിനും വിശുദ്ധിക്കും പ്രാധാന്യം കൊടുക്കുന്ന തദ്ദേശീയരായ ആളുകളുമായി ഇടപഴകുവാന്‍ സാധിച്ചിട്ടുണ്ട്. ഫാമിലി കുറച്ചു കാലം എന്റെ കൂടെ നില്‍ക്കാന്‍ വരാറായപ്പോള്‍ ഒരു വീട് കണ്ടെത്താന്‍ വളരെയധികം ബുദ്ധിമുട്ടി. അപ്പോള്‍ എന്നേയും ഫാമിലിയേയും സ്വന്തം വീട്ടില്‍ വന്നു നില്‍ക്കാം എന്നു പറഞ്ഞു ക്ഷണിച്ച ഒരു ജര്‍മന്‍കാരിയെ നന്ദിയോടെ ഓര്‍ക്കുന്നു.

ഇത് ജര്‍മനിയില്‍ മാത്രമുള്ള ഒരനുഭവമല്ല. ജോലി സംബന്ധമായി പിന്നിട് സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ചിലെക്ക് മാറിയപ്പോള്‍ സ്ഥിരമായി കുമ്പസാരിക്കാന്‍ സാധിക്കുമോ എന്നയാശങ്ക ഉണ്ടായിരുന്നു. ആദ്യം ദൂരെയുള്ള ഒരു മലയാളിയച്ചന്റെ അടുത്താണ് കുമ്പസാരിക്കാന്‍ പോയിരുന്നത്. പിന്നീട് ഒരു സുഹൃത്ത് വഴി അറിഞ്ഞു, സിറ്റിയില്‍ തന്നെ ഒരു നിത്യാരാധന ചാപ്പലുണ്ടെന്നും അവിടെ ചിലപ്പോള്‍ കുമ്പസാരിക്കാന്‍ സാധിക്കുമെന്നും. അവിടെ ചെന്നപ്പോള്‍ എറണാകുളത്തെ ചില നിത്യാരാധന ചാപ്പലിലെ പോലെ യുവാക്കളുണ്ട്. ചിലര്‍ അപ്പോയ്ന്റ്‌മെന്റ് സമയമനുസരിച്ച് വന്ന് കുമ്പസാരിക്കുന്നു. കുമ്പസാരിപ്പിക്കുന്ന അച്ചനാകട്ടെ ഈ നാട്ടില്‍നിന്നുതന്നെയുള്ളയാള്‍. യൂറോപ്പ് നശിച്ചു; സഭയ്ക്ക് ഇനി രക്ഷയില്ല; തുടങ്ങിയ പല്ലവികള്‍ക്കുള്ള മറുപടിയായിരുന്നു എന്റെ ഈ അനുഭവങ്ങള്‍.

ഈ കാലഘട്ടത്തില്‍ ജീസസ് യൂത്തുപോലെയുള്ള മൂവ്‌മെന്റുകള്‍ക്ക് വലിയ പ്രസക്തിയും പ്രാധാന്യവുമുണ്ട്. അംഗങ്ങള്‍ക്കിടയിലുള്ള ഫെലോഷിപ്പും പ്രാര്‍ഥനയും തീരെ വിപരീത സാഹചര്യത്തിലും ക്രിസ്തുവിനായി നില നില്‍ക്കാന്‍ സഹായിക്കുന്നു. ഒപ്പം തങ്ങളെപ്പറ്റിയുള്ള ദൈവത്തിന്റെ പദ്ധതികള്‍ തിരിച്ചറിയാനും അത് നിര്‍വഹിക്കാനുള്ള ശക്തി ലഭിക്കാനും ഈ ഫെലോഷിപ്പുകള്‍ സഹായിക്കുന്നു. വിശ്വാസപരമായ പ്രതിസന്ധികളിലൂടെ യൂറോപ്പിലെ സഭ കടന്നു പോകുമ്പോഴും സഭയുടെ ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്നുകൊണ്ടു തന്നെ തങ്ങളുടെ പ്രവാചകദൗത്യം നിര്‍വഹിക്കുന്ന ജീസസ് യൂത്ത് തികച്ചും പ്രചോദാത്മകമാണ്.

കോവിഡ് കാലം കൂടുതല്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാനും രാജ്യങ്ങളള്‍ക്കപ്പുറം ബന്ധങ്ങള്‍ ഉണ്ടാക്കാനും മിഷന്‍ തുടരാനും സഹായിച്ചു. വളരെ കുറച്ചു ജീസസ് യൂത്തുള്ള യൂറോപ്പിലെ ചില രാജ്യങ്ങളുടെ സൂമിലുള്ള ഒത്തുചേരലുകള്‍ വഴി തങ്ങള്‍ക്ക് ക്രൈസ്തവ വിശ്വാസത്തില്‍ പിടിച്ചു നില്‍ക്കുവാനും തങ്ങളുടെ സുവിശേഷ വേല കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ട് പോകാന്‍ സഹായിക്കുന്നുവെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് മറ്റു കത്തോലിക്ക മൂവ്‌മെന്റുകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യൂറോപ്പിലെ ജീസസ് യൂത്ത് മുന്‍കൈ എടുക്കുന്നുണ്ട്.

യൂറോപ്പില്‍ വിശ്വാസം തകരുന്നു, അവസാനിക്കുന്നു എന്നൊക്കെ ഏറെ നാളുകളായി കേട്ടുകൊണ്ടിരിക്കുന്ന ക്ലീഷേ മോഡല്‍ വാര്‍ത്തകള്‍ ഈ കാലഘട്ടത്തില്‍ ഒരുപക്ഷേ അസ്ഥാനത്തായിരിക്കും. പലയിടങ്ങളിലായി കാണുന്ന വിശ്വാസ സാക്ഷ്യത്തിന്റെ കാഴ്ചകളും പങ്കുവയ്ക്കുന്ന അനുഭവങ്ങളും പറയുന്നത്, ആഴമായ വിശ്വാസത്തിലേക്കുള്ള മടങ്ങിപ്പോക്കിനെക്കുറിച്ചാണ്. മീഡിയയിലൊക്കെ പറയുന്നപോലെ യൂറോപ്പിലെ സഭ അവസാനിക്കുന്നൊന്നുമില്ല. ശരിയാണ് ഞങ്ങള്‍ക്ക്, യൂറോപ്പിലെ സഭയ്ക്ക് തളര്‍ച്ചയുണ്ട്. പക്ഷേ, തകര്‍ന്നിട്ടില്ല. കത്തിപ്പടരാന്‍ ഇനിയും ചില കനലുകള്‍ യൂറോപ്പില്‍ അവശേഷിക്കുന്നുണ്ട്. ഇത് ചിലപ്പോള്‍ പുതിയ തുടക്കമാകാം. ക്രിസ്തുവിന് സാക്ഷ്യം നല്‍കുന്ന ഒരു ജനതയുടെ തുടക്കം. പ്രതീക്ഷയോടെ പ്രാര്‍ഥിക്കാം.. പ്രവര്‍ത്തിക്കാം

Article published in Kairos Malayalam March 2022

Leave a comment

search previous next tag category expand menu location phone mail time cart zoom edit close