
അന്ന് വൈകിട്ട് ജർമ്മനിയിലെ ഓഫിസിൽ നിന്നും ഇറങ്ങാൻ തയ്യാറെടുക്കുമ്പോളാണ് എന്റെ ബോസിന്റെ വരവ്.അദ്ദേഹത്തെ മത്തായി ചേട്ടനെന്നു വിളിക്കാം. മത്തായി ചേട്ടനും ഒരു ബോസ് ഉണ്ട്. തല്ക്കാലം പുള്ളീടെ പേര് സന്തോഷ് ചേട്ടൻ. മത്തായി ചേട്ടൻ എന്നെ ഒരു കോൺഫറൻസ് റൂമിൽ കൊണ്ടുപോയി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു കസ്റ്റമർ ഡീലിൻ്റെ കുറച്ചു ഭാഗത്തിൻ്റെ ഉത്തരവാദിത്വം എടുക്കാമോ എന്ന് എന്നോട് ചോദിച്ചു.ഈ പറയുന്ന ഡീലിനു വേണ്ട ഒരുക്കങ്ങൾ പല വിഭാഗങ്ങളിലായി നേരത്തെ തുടങ്ങിയിരുന്നു . ഉടനെ നാട്ടിൽ എന്റെ ഒപ്പമുള്ള മാനേജരെയും ലീഡേഴ്സിനേയും വിളിച്ചു .
ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ പോലും ഇങ്ങനത്തെ ഒരു ഡീലിൽ മുൻപ് പങ്കെടുത്തവർ വളരെ കുറവാണ് . ഞങ്ങൾക്കാണെങ്കിൽ ഈ കാര്യത്തിൽ ഒരു മുൻ പരിചയവുമില്ല. ഇപ്പോൾ ഞങ്ങളുടെ ടീമിൽ മാത്രം 150 ൽ പരം അളുകൾ ജോലി ചെയ്യുന്നുണ്ട്.
ഈ ഡീൽ തോറ്റാൽ എല്ലാവരുടെയും പ്രൊജക്റ്റുകൾ നഷ്ടമാകുന്ന അവസ്ഥ ആലോചിച്ചപ്പോൾ രണ്ടും കല്പിച്ച് മത്തായി ചേട്ടനോട് യെസ് പറഞ്ഞു.
അടുത്ത ദിവസം മുതൽ എന്റെ താമസസ്ഥലത്തു നിന്നും അൻപത് കിലോമീറ്റർ ദൂരെയുള്ള ഓഫീസിലേക്ക് എന്റെ ജോലി മാറി. ഈ ഡീലുമായി ബന്ധപ്പെട്ട ആദ്യ മീറ്റിംഗ് കഴിഞ്ഞപ്പോൾ തന്നെ എന്റെ അവസ്ഥ ക്രിസ്മസ് പരീക്ഷ ആകാറായപ്പോൾ ക്ലാസിൽ പുതിയതായി വന്നു ചേർന്ന കുട്ടിയുടേത് ആയിരുന്നു . ഇനി പത്തുദിവസം കൊണ്ട് കസ്റ്റമറിനുള്ള ആദ്യ പ്രസന്റേഷൻ ഉണ്ടാക്കണം.
ഡീലിനെ കുറിച്ച് കുടുതൽ പഠിക്കാൻ തുടങ്ങിയപ്പോൾ ഒരു കാര്യം മനസ്സിലായി, ഈ ഡീൽ ഒരു പുലി അല്ല,വലിയ സിംഹം തന്നെയാണ്. കുടുംബാഗങ്ങളോടും അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞു. എന്നെ ഈ ഡീലിൽ സഹായിക്കാൻ നാട്ടിൽ ഒരു ചങ്ക് ടീമിനെ ഉടൻ സെറ്റപ്പ് ചെയ്തു. പിന്നീട് രാത്രിയെന്നോ പകലെന്നോ ഇടദിവസമെന്നോ അവധി ദിവസമെന്നോ വ്യത്യാസമില്ലാതെ ജോലിയോട് ജോലിയായിരുന്നു. ഞായറാഴ്ച പള്ളിയിലെ കുർബാന മാത്രമാണ് മുടങ്ങാതിരുന്നത്.
കസ്റ്റമറിന് അദ്യ പ്രസന്റേഷൻ എടുക്കേണ്ട തലേന്ന് രാത്രി ഒരു എട്ട് മണിയായിക്കാണും, പ്രസന്റേഷനുള്ള പി.പി.ടി. ശരിയാക്കി ഞാൻ മത്തായി ചേട്ടനോട് പറഞ്ഞു . എനിക്ക് നാളെ ഇടാൻ ഷർട്ടും പാൻറും തേക്കാൻ ഉണ്ട് . ഞാൻ ഇപ്പോൾ വീട്ടിലോട്ട് പൊക്കോട്ടെ . അലക്സി നാളെ കസ്റ്റമറിനുള്ള പ്രസന്റേഷൻ എടുക്കേണ്ട, ഞാൻ എടുത്തോളാം എന്നായിരുന്നു മറുപടി . ആദ്യം ഒരു ഷോക്കും പിന്നെ ചെറിയ വിഷമവും ഉണ്ടായി . പിന്നെ നമുക്ക് ഓക്സ്ഫോഡ് ഇംഗ്ലീഷ് ഒന്നും കൈവശമില്ലല്ലോ എന്ന് സമാധാനിച്ചു . പിറ്റേന്ന് എന്റെ പഴയ ഒഫീസിലേക്ക് വേറെ കസ്റ്റമർ മീറ്റിംഗ് ഇല്ലാത്തതു കൊണ്ട് ഒരു കാഷ്വൽ ഡ്രസ്സ് ഇട്ടാണ് പോയത് . ഉച്ചക്ക് ഒരു മണിയായപ്പോൾ ഒരുകോൾ വന്നു. മുക്കാൽ മണിക്കൂറിനുള്ളിൽ വന്നാൽ അലക്സിക്ക് വേണമെങ്കിൽ പ്രസന്റേഷൻ നടത്താം. എടോ മ മ മ .. അല്ലെങ്കിൽ അതു വേണ്ട മത്തായി ചേട്ടാ… തന്നോട് ഇന്നലെ ഞാൻ പ്രസന്റേഷൻ എടുക്കുന്ന കാര്യമല്ലേ ചോദിച്ചത്. അല്ലാതെ അക്ഷരം മാറിപ്പോയിട്ടില്ലല്ലോ എന്നു പറയാൻ വന്നെങ്കിലും ഞാനതങ്ങു മിഴുങ്ങി . വീട്ടിൽ പോയി ഷർട്ട് തേച്ചിട്ട് പോകാൻ നേരമില്ല. കസ്റ്റമേറിനുള്ള പ്രസന്റേഷൻ നടക്കുന്നത് വളരെ പ്രസിദ്ധമായ ഫുട്ബോൾ സ്റ്റേഡിയം കോംപ്ലക്സ്കിനുള്ളിലെ ഒരു വലിയ ഹോട്ടലിൽ ആണ്. അവിടെ ഒന്നു കയറാൻ പറ്റുന്നതു തന്നെ ഒരു അത്ഭുതമാണ്.ചിന്തിച്ച് അന്തവും കുന്തവുമില്ലാതെ ഇരിക്കുമ്പോഴാണ് എന്റെ അടുത്തേക്ക് ഒരു സഹപ്രവർത്തകൻ വന്നത് .പെട്ടെന്ന് മണ്ടയിൽ ഒരു ഐഡിയ കത്തി. ഇട്ടിരുന്ന ഷർട്ടും ഷൂവും ഞങ്ങൾ പരസ്പരം മാറ്റി ധരിച്ചു. എന്റെ വയറിന്റെ ഭാഗത്ത് ഒരു വലിയ സിംഗിൾ പാക്ക് മസ്സിൽ ഉള്ളതിനാൽ ഷർട്ടിന്റെ ബട്ടൺസിൻ്റെ ഇടയിലുള്ള ഗ്യാപ്പ് ഒരു സ്ലീവ് ലെസ്സ് ജാക്കറ്റിട്ട് മറച്ച് നേരെ ഹോട്ടലിലേക്ക് വിട്ടു. പോകുന്ന വഴിയിൽ ടാക്സിയിൽ ഇരുന്ന് വീട്ടുകാരോട് ഒരു മെഴുകുതിരി കത്തിച്ചോളാനും പ്രാർത്ഥിച്ചോളാനും പറഞ്ഞു . ദൈവാനുഗ്രഹത്താൽ എൻ്റെ പ്രസന്റേഷൻ നന്നായി പോയി.
അന്നാണ് മനസ്സിലായത്, ഇത് വെറും തുടക്കം മാത്രമാണെന്ന്. ഇനിയുള്ള കുറച്ചു മാസങ്ങൾ ഈ ഡീലിന്റെ ജോലിയും മറ്റു കസ്റ്റമർ പ്രസന്റേഷൻസും ധാരാളം ഉണ്ട് . പിന്നീടുളള എല്ലാ പ്രസന്റേഷൻസും മത്തായി ചേട്ടൻ എന്നോട് ഏറ്റെടുത്തോളാനും പറഞ്ഞു.
വളരെ സ്ട്രെസ് ഉള്ള സമയങ്ങളിലൂടെ ആണ് എല്ലാവരും പൊയ്ക്കോണ്ടിരുന്നത്. സന്തോഷേട്ടന്റെ മുഖത്ത് ഒരു സന്തോഷവും ഇല്ല. മത്തായി ചേട്ടന്റെ ചില സമയത്തെ ഡയലോഗ് കേട്ടാൽ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും. പാവം കടന്നുപോകുന്ന ടെൻഷൻ ആലോചിക്കാവുന്നതിനും അപ്പുറത്താണ്. അങ്ങനെ ചിന്തിച്ചപ്പോൾ മത്തായി ചേട്ടനു വേണ്ടി പ്രാർത്ഥിക്കാൻ സാധിച്ചു . പിന്നെ എന്റെ ടീം അംഗങ്ങളോട് ഞാനും എങ്ങനെ പെരുമാറുന്നുവെന്നും അവർക്കും എന്നെ എടുത്തു കിണറ്റിൽ ഇടാൻ എത്ര തവണ തോന്നിക്കാണും എന്ന് ആത്മപരിശോധന ചെയ്യാൻ തോന്നി .
ഏറ്റവും പ്രധാനപ്പെട്ട കസ്റ്റമർ പ്രസന്റേഷൻറെ ദിവസം വന്നു. അതിന് ശേഷമായിരിക്കും ഞങ്ങളുടെ കമ്പനിക്കോ അതോ മറ്റ് കമ്പനികൾക്കോ പ്രൊജക്ടസ് നല്കാൻ തീരുമാനിക്കുക . എന്റെ പ്രസന്റേഷൻസിനും മുമ്പ് പതിവുപോലെ വീട്ടിൽ വിളിച്ചു. അന്ന് മക്കൾക്ക് അവധിയായിരുന്നതിനാൽ അവരോടും കൂടി അപ്പനു വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞു . പ്രസന്റേഷനു വേണ്ടി ചെന്നപ്പോൾ ദേ ഇരിക്കുന്നു നമ്മുടെ സന്തോഷേട്ടൻ . അതോടെ എന്റെ ഹൃദയമിടപ്പ് ഇരട്ടിയായി . ദൈവമേ ടേക്ക് മൈ കണ്ട്രോൾ എന്നും എല്ലാം അടിപ്പൊളിയാക്കണമെന്നും പ്രാർത്ഥിച്ച് അങ്ങ് തുടങ്ങി. പ്രസന്റേഷൻ കഴിഞ്ഞ് വീട്ടിലേക്ക് വിളിച്ചപ്പോൾ മക്കൾ ആദ്യം ചോദിച്ചത് അപ്പന് എല്ലാം പറയാൻ സാധിച്ചോ എന്നാണ്. എന്റെ പ്രൊഫഷണൽ ജീവിതത്തിലെ അതുവരെയുള്ള ഞാൻ എടുത്ത പ്രസന്റേഷൻസിൽ ഏറ്റവും നല്ലത് അതായിരുന്നു. സാധാരണയായി വാക്കുകൾക്ക് ക്ഷാമം അനുഭവിക്കാറുള്ള എനിക്ക് അന്ന് വാക്കുകൾ നാവിലൂടെ ഒഴുകുകയായിരുന്നു. സന്തോഷ് എട്ടനോ മറ്റുള്ളവർക്കോ ഒന്നും സംസാരിക്കേണ്ട സാഹചര്യം വന്നില്ല. പിന്നീടുള്ള കസ്റ്റമർ മീറ്റിംഗിൽ എനിക്ക് കാര്യമായി ചെയ്യാൻ ഒന്നും ഇല്ലായിരിക്കുന്നെങ്കിലും ഞാൻ നിർബന്ധമായി വരണമെന്ന് മത്തായി ചേട്ടൻ പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞു.
എന്റെ കമ്പനി ഈ ഡീലിൽ ആദ്യം വിജയിച്ചത് ഞങ്ങൾ നേതൃത്വം നല്കിയ വിഭാഗമാണെന്ന് അറിഞ്ഞപ്പോൾ മധുരം ഇരട്ടിയായി .
തീർച്ചയായും ഒരു നല്ല ടീം വർക്കായിരുന്നു ഈ വിജയത്തിന് പിന്നിൽ . അതൊടൊപ്പം ഫാമിലിയുടേയും , ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും പിന്തുണ.. സർവ്വോപരി ദൈവാനുഗ്രഹവും .
ഇതിൽ നിന്ന് എനിക്ക് കിട്ടിയ ബോധ്യം രണ്ടാണ്. ഒന്ന് അശക്തരായവർ ദൈവത്തിൽ ആശ്രയിക്കുമ്പോൾ ശക്തരാകുന്നു . രണ്ട് ജോലിയിൽ ബുദ്ധിമുട്ടും പ്രായാസവും വരുമ്പോൾ അപ്പനാണെന്നോ ഭർത്താവാണെന്നോ മുതിർന്ന മകനാണെന്നോ വിചാരിച്ച് ബലം പിടിച്ച് നടക്കേണ്ട കാര്യമില്ല. നമ്മുടെ സ്വപ്നങ്ങൾ തകരുമ്പോൾ നമ്മെ സ്നേഹിക്കുന്നവരുടേയും സ്വപ്നങ്ങൾ തകരുന്നുണ്ട്. അതുകൊണ്ട് നമ്മെ സ്നേഹിക്കുന്നവരോട് വലിപ്പചെറുപ്പമല്ലാതെ അവർക്ക് മനസ്സിലാകുന്ന രീതിയിൽ നമ്മുടെ പ്രയാസങ്ങളെപ്പറ്റി പറയാം, പ്രാർത്ഥനയായും മറ്റും അവരുടെ ഒരു കൈത്താങ്ങ് ചോദിക്കാം. ഒരേ മനസ്സോടെ ചോദിച്ചാൽ ദൈവത്തിന് എങ്ങനെ നിരസിക്കാൻ പറ്റും. ഇപ്പോൾ ജോലിയിൽ ഒരു പുതിയ ഉത്തരവാദിത്വം എടുക്കാനുള്ള ഒരുക്കത്തിലാണ്. ഇതു വരെ ചെയ്തവയിൽ നിന്നും തികച്ചും വ്യത്യസ്തയുള്ള ഒന്നാണ്. കൈവിടാത്ത ദൈവവും കൈത്താങ്ങായി സ്നേഹിക്കുന്നവരിലുംമാണ് പ്രതീക്ഷ. ദൈവമേ മിന്നിച്ചേക്കണേ….