Blog#17: വിവാഹ വാർഷികം

കസിൻ ചേട്ടനെ  വിവാഹ വാർഷിക ആശംസകൾ അറിയിക്കാൻ വിളിച്ചപ്പോൾ ആണു മനസ്സിലായത് കക്ഷി ഭാര്യയുമായി തീയേറ്ററിൽ സിനിമ കണ്ടിരിക്കുകയാണ്. അവരുടെ വാർഷികാഘോഷ വിശേഷങ്ങൾ കേട്ടപ്പോൾ ശരിക്കും അത്ഭുതപെട്ടു. അതിന്  കാരണം ഉണ്ട് . മൂന്ന് മക്കളേയും സ്കൂളിൽ പറഞ്ഞയച്ച ശേഷം ലീവെടുത്താണ് അവർ
 വിവാഹ വാർഷികം ആഘോഷിക്കാൻ ഇറങ്ങിയത് . പിന്നീട് ആലോചിച്ചപ്പോൾ അതിൽ ഒരു രസം തോന്നി . കാരണം ഞാനും റോസ്മിനും  കുറച്ചു നാളായി ജോലിയും , രണ്ടു കൊച്ചു കുഞ്ഞുങ്ങളും മറ്റു വീട്ടു കാര്യങ്ങളുമൊക്കെയായി 
എപ്പോഴും തിരക്കിലാണ്.  പലപ്പോഴും രാത്രിയിൽ ഞങ്ങൾ ഒറ്റയ്ക്ക് സംസാരിക്കാം എന്നു വിചാരിക്കുമെങ്കിലും  ഓഫീസിൽ നിന്നു വരുമ്പോൾ  വളരെ വൈകും . ഇനി എങ്ങാനും നേരെത്തേ എത്തിയാലും മക്കളെ ഉറക്കാൻ കിടത്തി കഥ പറഞ്ഞ് പറഞ്ഞ് ഞാൻ തന്നെ ആദ്യം ഉറങ്ങും.
പിന്നെ ആകെയുള്ളത് രാവിലെ ഞാൻ റോസ്മിയെ കാറിൽ ബസ്സ് സ്റ്റോപ്പിൽ കൊണ്ടു വിടുന്ന സമയമാണ് . ഞങ്ങൾ മാത്രമുള്ള സമയം . ചെറിയ ക്ഷീണമൊക്കെ ഉണ്ടെങ്കിലും ഞാൻ അത്  മുടക്കാറില്ല . അതിൻ്റെ മോട്ടിവേഷൻ ഞാൻ വളരെ ബഹുമാനത്തോടും സ്നേഹത്തോടും കാണുന്ന ഒരു അങ്കിളും ആൻ്റിയും ആണ്. തിരക്കുകൾ ഒത്തിരി ഉണ്ടെങ്കിലും അവർ രണ്ടാളും കൂടി  വൈകിട്ട് കുറച്ചു നേരം    നടക്കുകയും  പരസ്പരം സംസാരിക്കുകയും  ചെയ്യും. അത് അവരുടെ വിവാഹ ജീവിതത്തെ മനോഹരമാക്കുന്നു എന്നു മനസ്സിലാക്കിയിട്ടുണ്ട്.

ഞാൻ റോസ്മിനോട് ഞങ്ങളുടെ വിവാഹ വാർഷിക ദിനം അടുക്കാറായപ്പോൾ കസിൻ ചേട്ടനും ചേച്ചിയും  പോയതുപോലെ ഒന്നു കറങ്ങിയാലോ എന്നു ചോദിച്ചു . ലീവ് എടുക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ( എൻ്റെ ആ ദിവസത്തെ  ജോലി പെന്റിങ് ആകും .ഭാര്യയ്ക്ക് ആ ദിവസമുള്ള ലാബും ക്ലാസ്സും മറ്റു ടീച്ചേർസുമായി അഡ്ജസ്റ്റ് ചെയ്യണം) മാത്രമല്ല, ഇത് അറിഞ്ഞാൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്തയും മനസ്സിലുണ്ടായി . ഒന്നാമതേ എനിക്ക് ചിലരുടെ സ്കെയിൽ പ്രകാരം മച്ചൂരിറ്റി കുറവാണ്. വിവാഹശേഷവും തുടരുന്ന ഒരു കത്തോലിക്കാ യുവജന മുന്നേറ്റവുമായി ചേർന്നുള്ള എൻ്റെ പ്രവർത്തനങ്ങളാണ് അതിനു കാരണം . അവരുടെ അഭിപ്രായത്തിൽ ‘ കല്യാണം കഴിയുമ്പോൾ ഇവനൊക്കെ അടങ്ങി ഒതുങ്ങി ഇരിക്കും എന്നാ വിചാരിച്ചത് . അതിനു പകരം സ്ഥിരം ഉള്ള യാത്രകൾ പോരാഞ്ഞിട്ട് എന്തോ ഇതിൻ്റെ ട്രെയിനിങ് എന്ന് പറഞ്ഞ് ഈ അടുത്തു വിദേശത്ത് വരെ പോയിരിക്കുന്നു . ഇതൊന്നും പോരാഞ്ഞിട്ടു അവളേയും പിള്ളേരേയും ഇടയ്ക്ക്  ഇതിൻ്റെ ഓരോ പരിപാടിക്കും കൊണ്ടു പോകും’. ഇത് ഒരു ജീവിത ശൈലിയാണെന്നു മറ്റും പറയാൻ ശ്രമിച്ചെങ്കിലും എല്ലാം ചീറ്റിപ്പോയി . ഇതുകൊണ്ടൊന്നും തളരരുത് അലക്സി തളരരുത് എന്ന് സ്വയം പ്രഖ്യാപിച്ച് ഞാൻ മുമ്പോട്ട് പോയി . ഞങ്ങൾ പപ്പയുടേയും മമ്മിയുടേയും കൂടെയാണു താമസം . പകൽ ജോലിക്കു പോകുന്നോൾ മമ്മിയാണു കുട്ടികളെ നോക്കുന്നത് . കൂടെ പപ്പയുടെ സപ്പോർട്ടും . അതു കൊണ്ട് മമ്മിയോട് കാര്യം പറഞ്ഞിട്ട് ഞങ്ങൾ ലീവ് എടുത്തു  .

   വിവാഹ വാർഷിക ദിനത്തിൽ രാവിലെ പള്ളിയിൽ പോയി കുർബാനയിൽ പങ്കെടുത്തു . വീട്ടിൽ വന്നു കേക്കുമുറിച്ച് എല്ലാവരുടേയും ഹാപ്പിനെസ്സ് ഇൻഡക്സ് ഉയർത്തി . എൻ്റെയും റോസ്മിയുടേയും  അഭിരുചികൾ വളരെ വ്യത്യസ്തമാണ്.  ചിലപ്പോൾ തോന്നും ഈ നാനാത്വത്തിൽ ഏകത്വം എന്നു പറയുന്നത് ഭാരതം മാത്രമല്ല ഞങ്ങളുടെ വിവാഹ ജീവിതം കൂടിയാണെന്ന് . അതു കൊണ്ട് തന്നെ രണ്ടാൾക്കും ഒരുപോലെ ഇഷ്ടമുള്ള കാര്യങ്ങൾ ആണു അന്നേ ദിനം പ്ലാൻ ചെയ്തത് . നേരേ പോയി ഒരു സിനിമ കണ്ടു . അതു കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ഒരു സ്ഥലത്തേക്ക്   പോയി . ഞങ്ങൾ രണ്ടും ഇതിനു മുമ്പ് അവിടെ പോയിട്ടില്ല. അതിൻ്റെ ഒരാശങ്കയുണ്ടെങ്കിലും കൂട്ടുകാർ തന്ന റിവ്യൂസുമായി അങ്ങോട്ട് പിടിച്ചു . ഓഡർ ചെയ്ത ഭക്ഷണം ആദ്യം രുചിച്ചപ്പോൾ തന്നെ ആശങ്കൾ എല്ലാം മാറി. ഞങ്ങൾ  ഭക്ഷണം ആസ്വദിച്ചു കഴിച്ചു. തിരിച്ചു വന്നപ്പോൾ ചേട്ടൻ സൂപ്പറാണെന്നു ഭാര്യയുടെ വക കമൻ്റ്. ലുക്ക് ഇല്ലെങ്കിലും ഞാൻ പണ്ടേ സംഭവമാന്നെന്ന സ്ഥിരം മറുപടിയും .

പിന്നെ ഞങ്ങളുടെ കല്യാണം നടന്ന പള്ളിയിൽ പോയി ഇരുന്നു . കോട്ടും സ്യൂട്ടും ഇട്ടു നിന്ന എന്നേയും വെള്ള സാരി ഉടുത്തു നിന്ന റോസ്മിനേയും ഓർമ്മ വന്നു . വിവാഹ ജീവിതത്തിൽ ഒരു മാജിക്‌ സംഭവിക്കുന്നണ്ട് . അത് ഒരു നിമിഷം കൊണ്ടോ  ഒരു ദിവസം കൊണ്ടോ സംഭവിക്കുന്നതല്ല . മറിച്ച് നമ്മൾ പോലും അറിയാതെ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് .  ഭർത്താവും ഭാര്യയും തങ്ങളുടെ വിവാഹ ജീവിതത്തിൻ്റെ വാതിൽ ദൈവത്തിനായി തുറന്ന് കൊടുക്കുമ്പോൾ ആണ് ആ മാജിക്ക് തുടങ്ങുക . എൻ്റേയും റോസ്മിൻ്റേയും കഴിവുകളും പോരായ്മകളും അത്യാവശ്യം ഇപ്പോൾ ഞങ്ങൾക്ക് പരസ്പരം അറിയാം .   ദൈവം വഴി നടത്തിയ ഓരോ നിമിഷങ്ങളേയും ഓർത്ത് നന്ദി പറഞ്ഞു. പിന്നീട് വിവാഹദിനത്തിലേ പോലെ ഒരുമിച്ചു നേർച്ച ഇട്ട് ഇറങ്ങി . കാറിൽ തിരിച്ചു വരുമ്പോൾ വിവാഹശേഷം ഞങ്ങൾക്കു രണ്ടു പേർക്കും വന്ന മാറ്റങ്ങൾ പറഞ്ഞു ചിരിച്ചു  . വഴിക്ക് വീട്ടിലുള്ളവർക്കുള്ള ഭക്ഷണം മേടിക്കാൻ മറന്നില്ല . കാറ് വീടിൻ്റെ ഉമ്മറത്ത് എത്തിയപ്പോൾ തന്നെ മക്കൾ മമ്മിയുമായി വാതിൽ തുറന്നു വന്നു . ഭാര്യ കാറിൻ്റെ ഡോർ തുറന്ന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് എൻ്റെ കൈയ്യിൽ പിടിച്ച്  ഒരു ചിരിയും പാസാക്കി . ആ മനോഹരമായ ദിവസത്തെ അവളുടെ സന്തോഷം അതിൽ പ്രകടമായിരുന്നു . 
ഞങ്ങൾ ഇങ്ങനെ പോയത് ഒരു കൂട്ടുകാരനോട് പറയുകയും അദ്ദേഹവും ഭാര്യയും ഇതുപോലെ ഒരുമിച്ചു  പുറത്തു പോകുകയും ചെയ്തു. അവർ വിവാഹ വാർഷിക ദിനം വരെ കാത്തു നിന്നില്ല . മറിച്ച് നാട്ടിൽ നിന്ന് അമ്മ വന്നപ്പോൾ കൊച്ചിനെ ഏല്പ്പിച്ചു പുറത്ത് പോയി .എല്ലാവരുടേയും സാഹചര്യങ്ങൾ ഒരു പോലെ ആകണമെന്നില്ല . മറിച്ച് അതിനു വേണ്ടി അവസരങ്ങൾ നമ്മൾ ഒരുക്കുകയാണ് വേണ്ടത്.

ഒരിക്കലും കുട്ടികളുമായും മറ്റുള്ളവരുമായും പുറത്ത് പോകരുത് എന്നല്ല ഉദ്ദേശിച്ചത്. അതുപോലെ വീട്ടിലേക്കുള്ള സാധനങ്ങൾ മേടിക്കുവാൻ പോകുന്നതോ മറ്റു കാര്യങ്ങൾക്കിറങ്ങുന്നതോ ഇങ്ങനത്തെ ഒരു ദിനമായി മാറ്റരുത് .  വർഷത്തിൽ ഒരു ദിനം ഉണ്ടാകണം ഭാര്യയ്ക്കും ഭർത്താവിനു മാത്രമായി. തണുത്തുറയാത്ത സന്തോഷമുള്ള ദാമ്പത്യം നിലനിർത്താൻ അത് സഹായമാകും . ഇന്ന് ജോലി സംബന്ധമായി ഞാൻ മാത്രം മറ്റൊരുരാജ്യത്താണ് . റോസ്മിനും ഞങ്ങളുടെ മൂന്നു കുട്ടികളും നാട്ടിലാണ്. പുറത്ത് നല്ല  തണുപ്പും കാറ്റും ഉണ്ടെങ്കിലും   എൻ്റെയും റോസ്മിൻ്റേയും ഇങ്ങനത്തെ ഓർമ്മകളും പിന്നെ നമ്മുടെ മാജിക്കു കാരൻ ദൈവവും ഞങ്ങളുടെ വിവാഹ ജീവിതത്തിൻ്റെ തിരി കെടാതെ സൂക്ഷിക്കുന്നു …

blog published in Kairos magazine- July2020

വിവാഹ വാര്‍ഷികം

1 thought on “Blog#17: വിവാഹ വാർഷികം

  1. Well written…. Others can also try…

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this:
search previous next tag category expand menu location phone mail time cart zoom edit close