Blog#16: നന്മരം

വേദോപദേശ ക്ലാസ്സിൽ പഠിപ്പിക്കാനിറങ്ങിയ ഭാര്യ ആദ്യ ദിവസംതന്നെ അഞ്ചാം ക്ലാസ്സിലെ കുസൃതി വീരൻമാരുടെ മുമ്പിൽ മുട്ട് മടക്കി.വീരൻമാരിൽ
പ്രധാനി ഭാര്യ പഠിപ്പിക്കുമ്പോൾ ക്ലാസ്സിനു ചുറ്റും ഓടികൊണ്ടിരിക്കും . ഇതൊക്കെ കാരണം വിഷമിച്ചിരുന്ന ഭാര്യയുടെ നേർക്ക് ‘‘വർഷങ്ങളായി കോളേജിൽ പഠിപ്പിക്കുന്ന നിനക്കിതൊക്കെ സിമ്പിളല്ലേ, നിനക്കിതൊക്കെ നിസ്സാരം , നിന്നെക്കൊണ്ട് പറ്റും , നിന്നേക്കൊണ്ടേ പറ്റൂ… ‘‘ തുടങ്ങിയ സ്ഥിരം മോട്ടിവേഷൻ അമ്പുകൾ തെടുത്തെങ്കിലും ഒന്നും ഏറ്റില്ല . അവസാനം നീ ആ പിള്ളേർക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്ക് എന്ന് പറഞ്ഞ് ഞാൻ സീൻ വിട്ടു. എന്തായാലും അത് ഏറ്റു. ഭാര്യ ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി .
ആഴ്ച്ചകൾക്കുശേഷം പ്രധാന വികൃതി പയ്യന്റെ അമ്മ വന്ന് ഭാര്യയോട് അവന്റെ കാര്യങ്ങൾ പറഞ്ഞു . അത് കേട്ടപ്പോൾ ഭാര്യയ്ക്ക് അവനോട് അലിവ് തോന്നി . പിന്നിട് അവൻ ഇട ദിവസങ്ങളിലോ ശനിയാഴ്ചകളിലോ പള്ളിയിൽ വച്ച് കാണുമ്പോൾ ഭാര്യയോട് വന്ന് സംസാരിക്കുന്നതോ അല്ലെങ്കിൽ ഒരു ചിരി പാസ്സാക്കി പോകുന്നതോ ഞാൻ കാണാറുണ്ട്.
ഭാര്യക്ക് വേദോപദേശം പഠിപ്പിക്കുന്നത് ഇഷ്ടപ്പെട്ടു തുടങ്ങി എന്ന് എനിക്ക് മനസ്സിലായി . കുറച്ച് നാൾ കഴിഞ്ഞ് ക്ലാസ്സിൽ വച്ച് നമ്മുടെ പ്രധാനി ഭാര്യയോട് പറഞ്ഞു “ഞാൻ ക്ലാസ്സിൽ ഓടുന്ന കാരണം ടീച്ചറിനു പഠിപ്പിക്കാൻ ബുദ്ധിമുട്ടാണല്ലേ,ഒരു കാര്യം ചെയ്യൂ…ടീച്ചർ എന്നെ ഈ കസേരയിൽ കെട്ടിയിട്ടോളൂ “.
ഭാര്യ നടന്ന കാര്യങ്ങൾ എന്നോട് വന്നു പറഞ്ഞപ്പോൾ പണ്ട് ഒരു കുട്ടിക്ക് വേണ്ടി അവന്റെ ടീച്ചർ പ്രാർത്ഥനയും വേണ്ട പ്രോത്സാഹനവും നല്കിയതു വഴി ഉണ്ടായ മാറ്റങ്ങൾ ആണ് ഓർമ്മയിൽ വന്നത്.
സംഭവം നടന്നത് പഴയ ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തിലാണ്.അന്ന് അവനും അമ്മയും കൂടിയാണ് കന്യാസ്ത്രീകളുടെ മഠത്തിൽ പോയത് .ആ മഠത്തോട് ചേർന്ന് ഒരു നേഴ്സറി സ്കൂൾ ഉണ്ടായിരുന്നു . ചെറുക്കനു നേഴ്സറി ക്ലാസ്സ് മുറി നന്നേ ഇഷ്ടപ്പെട്ടു . അവൻ അവിടെ ഇരിപ്പായി .
പ്രായം കുറവായിരുന്നെങ്കിലും ‘കൊച്ച് ‘ അവിടെ ഇരുന്നോട്ടെ എന്നു സിസ്റ്റർമാർ തീരുമാനിച്ചു . അവിടെ പഠിപ്പിക്കുന്ന ഒരു സിസ്റ്ററിനു അവന്റെ അമ്മയുമായി പല സാദൃശ്യങ്ങളും ഉണ്ടെന്ന് അവനു തോന്നി .
അവർ പെട്ടന്നു കൂട്ടുകാരായി . ക്ലാസ്സിൽ കരയാതെ ഇരിക്കുമെങ്കിലും പയ്യൻ ഒട്ടും ആക്ടീവല്ല എന്ന് സിസ്റ്ററിനു മനസ്സിലായി . പോരാത്തതിന് ഇടയ്ക്കിടെ അസുഖങ്ങളും . സിസ്റ്റർ അവനെകൊണ്ട് ബോധപൂർവ്വം കാര്യങ്ങൾ ഓരോന്നായി ചെയ്യിക്കാൻ തുടങ്ങി. അവന്റെ വിശേഷങ്ങൾ ചോദിച്ചറിയുക , കളികളിൽ ഏർപ്പെടുത്തുക , ചെറിയ മത്സരങ്ങളിൽ പങ്കെടുപ്പിക്കുക… എന്തിനു പറയുന്നു അവസാനം അവനെ സ്റ്റേജിൽ കയറ്റി ഒരു പരിപാടിവരെ അവതരിപ്പിച്ചു. സംഭവം പാളിപ്പോയെങ്കിലും മഠത്തിലെ മദറിനെ കൊണ്ട് അവന് ഒരു സമ്മാനവും കൊടുപ്പിച്ചു .
അതായിരുന്നു അവന്റെ ജീവിതത്തിൽ ലഭിച്ച ആദ്യ സമ്മാനം. പിന്നിട് അവൻ സ്കൂളിൽ ചേർന്നു പഠിക്കാൻ തുടങ്ങി . ഇടയ്ക്ക് കാണുമ്പോൾ ‘‘എടാ ചെറുക്കാ’’ എന്നു വിളിച്ച് സിസ്റ്റർ ചേർത്തു പിടിക്കും .
ഒരിക്കൻ സിസ്റ്റർ ക്യാൻസർ പിടിപ്പെട്ട് ആശുപത്രിയിലായിരുന്നപ്പോൾ അവനും അമ്മയും കൂടി കാണാൻ പോയി . അന്നു അവൻ ദൈവത്തോട് സിസ്റ്ററമ്മയുടെ രോഗംമാറാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു .അസുഖംമാറി സിസ്റ്റർ വീണ്ടും പഴയതുപോലെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി . കാലം കടന്നു പോയി . പയ്യൻ പഠിച്ച്പഠിച്ച് കോളേജിലെത്തി. അവന്റെ മാതാപിതാക്കളെ ഇടയ്ക്ക് കാണുമ്പോൾ സിസ്റ്ററിന്റെ ഒരു സ്ഥിരം ചോദ്യം ഉണ്ട് -” എന്റെ മോന് എന്തുണ്ട് വിശേഷം ?” . അവനെ കാണുമ്പോളൊക്കെ സിസ്റ്റർ പറയും ‘‘മോനെ നിന്നെ ഞാൻ ഇടയ്ക്കൊക്കെ ഓർക്കാറുണ്ട് . അപ്പോളൊക്കെ പ്രാർത്ഥിക്കാറുമുണ്ട്…’’ അവൻ ചില പ്രാർത്ഥനാവശ്യങ്ങൾ സിസ്റ്ററിനെ ഏല്പിക്കും . അവർ മറക്കാതെ പ്രാർത്ഥിക്കുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു . താൻ ജീവിതത്തിൽ ഒരു ‘തോൽവി ‘ ആണെന്നു തോന്നിയ നിമിഷങ്ങളിലും സിസ്റ്ററിനെ പോലെയുള്ള നന്മരങ്ങൾ നല്കിയ തണലാണ് അവന് ജീവിതത്തിൽ കരുത്ത് നല്കിയത്.
ഒരു നാൾ സിസ്റ്റർ മരിച്ചവാർത്തയാണ് അവനെ തേടിയെത്തിയത്. മഠത്തിൽ ചെന്ന് സിസ്റ്ററിന്റെ കാല് തൊട്ടു മുത്തി അവൻ അവിടെ നിന്നും ഇറങ്ങി . മനസ്സിൽ ജീവനോടെ സിസ്റ്റർ ഉള്ളപ്പോൾ സിമിത്തേരിയിലെ കുഴിയിലേക്ക് സിസ്റ്ററിന്റെ പെട്ടി താഴുന്നത് കാണാൻ താല്പര്യമില്ലായിരുന്നു . ഞാൻ ഇന്നും വിശ്വസിക്കുന്നു, ആ സിസ്റ്റർ സ്വർഗത്തിലിരുന്ന് അവനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന്…..കാരണം ആ പയ്യൻ ഞാനാണ് .
ഓരോ കുട്ടിയും വ്യത്യസ്ഥരാണ്.അതു കൊണ്ടു തന്നെ ഓരോരുത്തരും അർഹിക്കുന്ന പരിഗണനകൾ പലതാണ് . പുറംചട്ട കണ്ട് മാത്രം ഒരു പുസ്തകം വിലയിരുത്തുംപോലെ ചിലപ്പോൾ നമ്മൾ കുട്ടികളെ വിലയിരുത്താറുണ്ട്. അത്തരം വിലയിരുത്തലുകളുടെ താപമേറ്റ് പലരും വാടിപ്പോകാറുണ്ട്. അങ്ങനെ വാടിനിന്നവരിൽ ചിലർക്ക് തണലേകുവാൻ ചില നന്മരങ്ങൾ ഉണ്ടായതു കൊണ്ടു മാത്രമാണ് അവർ ജീവിതത്തിൽ വളർന്ന് പച്ചപിടിച്ചത് .
നമുക്കും പരിശ്രമിക്കാം, ദൈവത്തോട് ചേർന്ന് മറ്റുള്ളവർക്ക് നന്മരമാകുവാൻ.

Note :Published in Kairos March 2020

നന്മരങ്ങൾ

2 thoughts on “Blog#16: നന്മരം

  1. Nice one 😍👌👌👌

    Liked by 1 person

  2. Touching Story.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this:
search previous next tag category expand menu location phone mail time cart zoom edit close