Blog#15: ക്ലൗഡിനുമുകളിൽ …..

സോഫ്റ്റ്വെയര്‍ ഇന്‍ഡസ്ട്രയില്‍ ‘ ക്ലൗഡ് കമ്പ്യൂട്ടിങ്ങ് ‘ കത്തിപ്പടരുന്ന കാലം . ഞാനാണങ്കില്‍ വിദേശത്ത് പോകാന്‍ കിട്ടിയ അവസരം തന്റേതല്ലാത്ത കാരണത്താല്‍ നഷ്ടപ്പെട്ടിരിക്കുന്ന സമയം … അപ്പോഴാണ് ഞങ്ങളുടെ ഓഫീസിലെ ക്ലൗഡിന്റെ മുതലാളി (മാനേജര്‍) ഞാനുമായി സംസാരിച്ചത്. അദ്ദേഹത്തിന്റെ ഒരു പ്രൊജക്റ്റ് കസ്റ്റമര്‍ escalate ചെയ്‌തേക്കുവാണ് . ബല്‍ജിയംവരെ രണ്ടു മൂന്നു ആഴ്ച്ചത്തേക്ക് ഉടന്‍ പോകണം പ്രൊജക്റ്റ് ഇംപ്ലിമെന്റ്
ചെയ്യണം. ഇവിടെ നമുക്ക് ടീം ഉണ്ടെന്നും അവര്‍ വേണ്ട സപ്പോര്‍ട്ട് ചെയ്യുമെന്നും പറഞ്ഞു . എനിക്ക് ക്ലൗഡിനെ പറ്റിയുള്ള അറിവ് പരിമിതമാണെന്നും മറ്റും പറഞ്ഞ് നില്‍ക്കുമ്പോള്‍ ഞങ്ങളുടെ മൂത്ത മുതലാളി (സീനിയര്‍ മാനേജര്‍) വന്നു. ഇവന്‍ ഇതുപോലത്തെ പ്രൊജക്റ്റുകള്‍ സിംപിള്‍ ആയി മാനേജ് ചെയ്ത ആളല്ലേ എന്നൊരുതള്ളും… അല്ലേലും അറക്കാന്‍ കൊണ്ടു പോകുമ്പോഴും മോട്ടിവേഷന്‍ കൊടുക്കുക എന്നതാണല്ലോ മാനേജ്‌മെന്റ് തത്ത്വം. ഈ ബല്‍ജിയം പ്രൊജക്റ്റിന്റെ തലവന്‍ ഒരു കുപ്രസിദ്ധന്‍ ആണെന്ന സത്യം പിന്നീടാണ് ഞാനറിഞ്ഞത് . ഇതോടെ എന്റെ ഫ്യൂസ് അടിച്ചുപോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. അപ്പോഴേക്കും എന്റെ വിസയുടെ നടപടികള്‍ തുടങ്ങിയിരുന്നു .

ഞാനും ടീമും കസ്റ്റമറുമായുള്ള ആദ്യ മീറ്റിംഗ് കഴിഞ്ഞപ്പോള്‍തന്നെ സീന്‍ കോണ്‍ട്രയാണെന്ന് ബോദ്ധ്യപ്പെട്ടു . കുറച്ചു സമയം കൊണ്ട് പഠിക്കാന്‍ ഒത്തിരി കാര്യങ്ങള്‍ . ഒന്നും തലയില്‍ നില്‍ക്കുന്നില്ല . ഇപ്പോഴത്തെ അവസ്ഥ വച്ചു നോക്കുമ്പോള്‍ +2 ന് പഠിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഞാന്‍ പ്രഖ്യാപിച്ച ഓര്‍ഗാനിക് കെമസ്ട്രിയൊക്കെ എന്തെളുപ്പം. അന്ന് പറഞ്ഞു തരാന്‍ എന്റെ ഒരാന്റി ഉണ്ടായിരുന്നു . ദൈവമേ,ക്ലൗഡിനെ വശത്താക്കാന്‍ വേണ്ട ബുദ്ധിയും ബോധവും തരണമേ എന്നായി പിന്നീടുള്ള പ്രാര്‍ത്ഥന. അങ്ങനെ ബെല്‍ജിയത്തില്‍ കാലുകുത്തി .പ്രൊജക്റ്റ് തലവനെ പറ്റി നാട്ടില്‍ കേട്ടതൊന്നും ഒന്നുമല്ലെന്നും കക്ഷി അതുക്കും മേലെയാണെന്നും വൈകാതെ മനസ്സിലായി. അദ്ദേഹത്തിന് ഞാന്‍ തലൈവര്‍ എന്നു മനസ്സില്‍ പേരിട്ടു . കസ്റ്റമര്‍ ആണെങ്കില്‍ എന്നോട് ഒരു സഹകരണവും ഇല്ല . അതിന് കാരണം അവരുടെ ഇടയിലെ ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ ആണെന്നു പിന്നീട് മനസ്സിലായി . ഇതിന്റെയൊക്കെ ഇടയില്‍ പ്രൊജക്റ്റ് വിജയകരമായി പൂര്‍ത്തീകരിക്കണം . ഞാന്‍ എന്റെ അവസാന ആയുധം പുറത്തെടുത്തു . പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ കന്യാസ്ത്രി അമ്മമാര്‍ പറഞ്ഞിട്ടുണ്ട്,കൊന്ത ചെല്ലി പ്രാര്‍ത്ഥിച്ചാല്‍ പ്രശ്‌നങ്ങളെ അഭിമുഖരിക്കാന്‍ സാധിക്കുമെന്ന്.കൊന്തയില്‍ മുറുക്കെപ്പിടിച്ചു. ഒപ്പം ഞാനും നാട്ടിലുള്ള ടീമും കഴിവിന്റെ പരമാവധി പുറത്തെടുത്തു.

ഞങ്ങളുടെ പ്രൊജക്റ്റിന്റെ ഗോ ലൈവ് ദിവസം വന്നുചേര്‍ന്നു. എന്റെ ടീം രാവിലെ മുതല്‍ വേണ്ട കാര്യങ്ങള്‍ ചെയ്തു വരുകയായിരുന്നു . പക്ഷേ ഞങ്ങളുടെ ക്ലൗഡ് ഹോസ്റ്റ് ചെയ്ത വെബ്‌സൈറ്റ് ലഭിക്കുന്നില്ല . സമയം രാത്രി 9.30. അറിയാവുന്ന വിദഗ്ധരോടൊക്കെ ചോദിച്ചു,ഒരു കാരണവും മനസ്സിലാകുന്നില്ല.വൈകാതെ തലൈവരോട് ഞങ്ങളുടെ പരാജയം തുറന്നുപറഞ്ഞു .എന്നാല്‍ എന്നെ വിഷമിപ്പിച്ചത് ഇതിന് ഒരു മാനേജര്‍ എന്ന രീതിയില്‍ പല തലങ്ങളില്‍ ഞാന്‍ കൊടുക്കേണ്ടി വരുന്ന വിശദീകരണങ്ങളോ , കേള്‍ക്കേണ്ടിവരുന്ന തലൈവരുടെ ചീത്തയോ ആയിരുന്നില്ല, മറിച്ച് ഈ ഒരു ദിവസത്തിന്റെ വിജയത്തിനു വേണ്ടി രാത്രിയും പകലും കഷ്ടപ്പെട്ട ടീമിന്റെ അവസ്ഥയായിരുന്നു . നാട്ടില്‍ ഉള്ള ഭാര്യയോടും അമ്മയോടും പിന്നെ എന്റെ ചില സുഹൃത്തുക്കളോടും പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു . ദൈവത്തോട് എന്നേയും എന്റെ ടീമിനേയും അവിടുത്തെ ജ്ഞാനം കൊണ്ട് നിറയ്ക്കണമെന്നും ഞങ്ങളെ സഹായിക്കണമെന്നും മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു . ടീം പല തവണകളായി സര്‍വര്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങി . സമയം രാത്രി പതിനൊന്നര ആയിക്കാണും,വെബ്‌സൈറ്റ് ലഭിക്കാന്‍ തുടങ്ങി .എന്താണ് സംഭവിച്ചത് എന്നു മനസ്സിലായില്ല .പറഞ്ഞ ദിവസം ഏതാനും നിമിഷങ്ങള്‍ അവശേഷിക്കെ പ്രൊജക്റ്റ് വിജയകരമായി ലൈവ് ആയിരിക്കുന്നു . പരാജയം വിജയത്തിന് വഴിമാറിയ നിമിഷം . ഒരു കമന്റേറ്റര്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ബൂംബചിക്കവാവ മൊമെന്റ് ആയിരുന്നു അത് .പിന്നീട് സന്തോഷം കൊണ്ട് ഭ്രാന്തു പിടിച്ച നിമിഷങ്ങള്‍ . തലൈവരും തുള്ളി ചാടുന്നു, ഭാരക്കൂടുതല്‍ കാരണം എന്നെ എടുത്തു പൊക്കിയില്ലയെന്നു മാത്രം. എന്നെ കെട്ടിപ്പിച്ചു പറഞ്ഞു You are the man and you did it. . കൈ മുകളിലേക്ക് ചൂണ്ടി ഞാന്‍ പറഞ്ഞു. He did it.
എനിക്ക് അപ്പോള്‍ തോന്നിയത് ഈ ദൈവവും ഒരു നല്ല സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആണെന്ന് . തിരിച്ച് റൂമില്‍ വന്നിട്ടും എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല .ആ രാത്രി എന്റെ ജീവിതത്തിലെ വളരെ സ്‌പെഷ്യല്‍ രാത്രിയാണ്. ഞാന്‍ ക്ലൗഡിനുമുകളിൽ ദൈവത്തെ കണ്ട രാത്രി.

http://blog.jyinfopark.in

Beyond the cloud…

Printed in Kairos Global  -August  2019 (Issue 19)

1 thought on “Blog#15: ക്ലൗഡിനുമുകളിൽ …..

  1. pravya's avatar

    അതാണ് ചിലപ്പോൾ ഒക്കെ നാം നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ നടക്കുമ്പോ ശരിക്കും ബൂംബചിക്കവാവ moment ആയിരിക്കും 😍👌👌

    Like

Leave a comment

search previous next tag category expand menu location phone mail time cart zoom edit close