ഒരു ജീസസ് യൂത്ത് പ്രോഗ്രാമിന്റെ അവസാനംഅതില്‍ പങ്കെടുത്ത ഒരാളുമായി സംസാരിക്കുകയായിരുന്നു. ഞാനായിരുന്നു ആ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റ് ചെയ്തത്. പിരിഞ്ഞു പോകാന്‍നേരം ആ പയ്യന്‍ ഇങ്ങനെ പറഞ്ഞു: ”ചേട്ടന്റെ മസ്സില്‍ പിടിച്ച നടത്തവും കൂര്‍പ്പിച്ച മുഖവും ആദ്യം കണ്ടപ്പോള്‍ ഭയങ്കര ജാഡക്കാരനാണെന്നു ഞാന്‍ കരുതി”.ഇതു കേട്ടു ഞാന്‍ പകച്ചു പോയി. കാരണം മസില്‍ പിടിക്കാന്‍ എനിക്ക് സിക്‌സ് പായ്ക്ക് ഇല്ല. ആകെ ഉള്ളതു സിങ്കിള്‍ പാക്ക് ആണ്. പിന്നെ, എന്തു കേള്‍ക്കാതിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചോ അതു തന്നെയാണ് ഞാന്‍ ഇപ്പോള്‍ കേട്ടതും- ഒരു ജാഡക്കാരനാണ് പോലും. പിന്നെ അന്നത്തെ സംസാരം കൊണ്ട് അതു മാറി എന്നതു ഒരാശ്വാസം.
ഞാന്‍ തന്നെ ഒന്നു വിലയിരുത്തിയപ്പോള്‍ മനസ്സിലായി,പലപ്പോഴും ഒത്തിരി ഒതുങ്ങിക്കൂടി കാര്യങ്ങള്‍ ചെയ്യുമ്പോഴും ടെന്‍ഷന്‍ നിറഞ്ഞ സാഹചര്യങ്ങളിലും ഞാന്‍ എന്നിലേയ്ക്ക് തന്നെ ഒതുങ്ങിക്കൂടുന്നു; ചുറ്റുമുള്ളതൊന്നും തന്നെ കാണുന്നുമില്ല. ചിലപ്പോള്‍ അപ്പന്‍ പറയാറുണ്ട്: അവന്‍ ഓഫീസില്‍ നല്ല ടെന്‍ഷന്‍ ഉള്ള പണിയില്‍ ആണെന്നു തോന്നുന്നു, മിണ്ടാട്ടം ഒട്ടും തന്നെയില്ല. പ്രസവ മുറിയില്‍ ഭാര്യ കിടക്കുമ്പോള്‍ പോലും വളിച്ച തമാശകളുമായി നില്ക്കുന്ന ഞാന്‍, ചില സമയത്ത് വര്‍ത്തമാനം തന്നെ വളരെ ലുബ്ധിക്കുന്നതിന്റെ കാരണം മനസ്സിലാക്കാന്‍ അവളും നന്നേ പാടുപെട്ടു. ഇവിടെയൊക്കെ എല്ലാം ‘ഞാന്‍’ എന്തെല്ലാമോ ചെയ്യാന്‍ ശ്രമിക്കുന്നതു കൊണ്ടാണ്. നമ്മള്‍ എന്തൊക്കെ ചെയ്താലും അതിനു മുകളില്‍ യേശുവിന്റെ കൈയൊപ്പ് പതിയുമ്പോഴാണ്. മറ്റുള്ളവര്‍ക്ക് അത് ഹൃദ്യവും അനുഗ്രഹദായവും ആകുന്നത്.
ചെറുപ്പത്തില്‍ എന്റെ അപ്പനും അമ്മയും ചേച്ചിയും അനായാസമായി മറ്റുള്ളവരോട് ഇടപെഴകുമ്പോള്‍ ഞാന്‍ എനിക്ക് ഇഷ്ടപ്പെട്ടവരുടെ ഇടയില്‍ മാത്രം ഒതുങ്ങിക്കൂടി. അപ്പോഴും ചിലര്‍ പറയാറുണ്ട്. അവന് ഭയങ്കര ജാഡയും പോസും ആണ് എന്ന്. എന്നാല്‍ അതു മാറ്റി എടുക്കണമെന്ന് വിചാരിച്ചു ചിരിച്ചു കാണിച്ചപ്പോള്‍ ‘എന്താടാ, നീ ഇങ്ങനെ ആക്കി ചിരിക്കുന്നേ എന്നായി. ഇതോടെ ഞാന്‍ ഈ മേഖലയിലുള്ളപുത്തന്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചു. ആദ്യം എന്റെ ഈ പോരായ്മകളെ ഞാന്‍ അംഗീകരിച്ചു. എന്റെ ഭൂതം, ഭാവി, വര്‍ത്തമാനം എല്ലാം അറിയുന്ന ഈശോയോട് തിരുരക്തത്താല്‍ എന്റെ പോരായ്മകളെ കഴുകാന്‍ പ്രാര്‍ഥിച്ചു. കാരണം അവനല്ലേ എന്റെ ബലഹീനതയില്‍ ശക്തി പ്രകടിപ്പിക്കാന്‍ കഴിയൂ.
ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ നിറഞ്ഞാടുമ്പോള്‍ ഇഞ്ചികടിച്ചിരിക്കുന്നതുപോലെയുള്ള എന്റെ ഇരിപ്പ് ജാഡപരിവേഷം നല്കാറുണ്ട്. അടുത്തറിയുന്നവര്‍ ചോദിക്കും- ‘എന്താടാ നീ ഇങ്ങനെ ഇഞ്ചി കടിച്ചിരിക്കുന്നേ?’ ഈശോയ്ക്ക് വഞ്ചി കടലില്‍ ആടി ഉലയുമ്പോഴും, പടയാളികള്‍ പിടിച്ചുകൊണ്ട് പോകുമ്പോഴും ‘മനഃസമാധാനം’ നഷ്ടപ്പെടുന്നില്ല. ഇതെന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. ആര്‍ക്കും കടന്നു ചെല്ലാവുന്ന ഒരു സങ്കേതമാണ് നമ്മുടെ ക്രിസ്തു. അതിനു വിവേചനമോ, അതിരുകളോ ഇല്ല. ഈശോ കാണുന്നപോലെ കാണാന്‍. സംസാരിക്കുന്നപോലെ സംസാരിക്കാന്‍ എന്നാണ് എനിക്കാവുക!?
http://kairos.jesusyouth.org/k20180127/
Printed in Kairos -January 2018