ഞാൻ പ്രവർത്തിക്കുന്ന ഒരു യുവജന മുന്നേറ്റവുമായി ബന്ധപ്പെട്ട കോൺഫ്രൻസിന്റെ രജിസ്ട്രേഷൻ ഡസ്കിൽ നിന്നാണ് വിളി വന്നത്, അലക്സി ജേക്കബാണോ സംസാരിക്കുന്നത് ? അക്കമഡേഷൻ വേണോ ? ഫീസടച്ചോ ? ഉറപ്പായും വരില്ലേ.. ??? തുടരെത്തുടരെ ചോദ്യങ്ങൾ. എടീ കൊച്ചേ, നീ ഈ പറയുന്ന കോൺഫ്രൻസ് ആദ്യം നടത്തിയപ്പോൾ അതിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന ആളാണ് ഈ ഞാൻ . പോരാത്തതിനു ഇപ്പോൾ നടക്കാൻ പോകുന്ന കോൺഫറൻസിന്റെ സംഘാടകർ എന്നോടും കൂടി ചർച്ചചെയ്താണ് കാര്യങ്ങൾ ചെയ്യുന്നത് ‘ .. തുടങ്ങിയ ഡയലോഗ്സ് നാവിന്റെ അറ്റംവരെ വന്നെങ്കിലും തല്ക്കാലം ഉള്ളിലെ ‘ആറാം തമ്പുരാനെ ‘ അടക്കി നിർത്തി . പൊതുവേ അലക്സി ചേട്ടായെന്ന വിളിയും ഒരു മിനിസ്ട്രിയുടെ ആദ്യ കോർഡിനേറ്റർ എന്ന നിലയിൽ സ്നേഹവും ബഹുമാനവും ലഭിക്കുമ്പോഴാണ് ഈ കൊച്ചിന്റെ ഇത്തരം ചോദ്യങ്ങൾ. പിന്നെ എന്തോ ഒരു കൗതുകത്തിനു വിനയപൂർവ്വം ഉത്തരങ്ങൾ നല്കി ആ ഫോൺ കോളവസാനിപ്പിച്ചു .
പിന്നീട് ആലോചിച്ചപ്പോൾ അന്ന് അങ്ങനെ സംഭവിച്ചത് നന്നായി എന്നു തോന്നി . അതിനു കാരണം ഇതിനിടയിൽ ഞാൻ ജോലി സംബന്ധമായി മറ്റൊരു രാജ്യത്ത് ചെന്നപ്പോൾ ഒരു കൂട്ടുകാരൻ പറഞ്ഞ സംഭവമാണ്, അതെ ഫ്ലാഷ്ബാക്കിനകത്തൊരു ഫ്ളാഷ്ബാക്ക്.. കൂട്ടുകാരൻ ഇന്ത്യയിൽ ആയിരുന്നപ്പോൾ തുടങ്ങി വച്ച ഒരു സേവനസംരംഭം ഉണ്ട്. അതിന്റെ നടത്തിപ്പിനും കൂടിയാലോചനകൾക്കും ജോലിയോടൊപ്പം ഒത്തിരി ബുദ്ധിമുട്ടുകൾ സഹിച്ച് സമയം ചെലവഴിച്ചിട്ടുണ്ട്. പിന്നിട് ആ സംരംഭം പുതിയ പേരിൽ കൂടുതൽ പങ്കാളിത്തത്തോടെ ആഗോളതലത്തിൽ വ്യാപിച്ചു. പുതിയ രാജ്യത്ത് വന്നപ്പോൾ ഈ പരിപാടിയുടെ ലഘുലേഖ വിതരണം ചെയ്യാൻ അവിടെയുള്ളവർ എന്റെ കൂട്ടുകാരനെ വിളിച്ചു . വിളിച്ചവർക്ക് അറിവില്ലായിരുന്നു ഇദ്ദേഹമാണ് ഇത് തുടക്കം കുറിച്ചതെന്നും , കുട്ടുകാരനാകട്ടെ അതു അവരോട് പറഞ്ഞതുമില്ല . നല്ല തണുപ്പുകാലത്ത് ഒരുസ്ഥാപകന്റെ ഭാവങ്ങളേതുമില്ലാതെ തികച്ചും സഹായിയുടെ റോളിൽ ആളുകൾക്കു ലഘുലേഘ വിതരണം ചെയ്തപ്പോൾ താൻ അനുഭവിച്ച ആനന്ദത്തെക്കുറിച്ച് സുഹൃത്ത് വാചാലനായി.
അങ്ങനെയിരിക്കെ ജോലിയുടെ ഭാഗമായി വീണ്ടും മറ്റൊരു രാജ്യത്തു വന്നപ്പോൾ ഞാൻ പ്രവർത്തിക്കുന്ന യുവജന മുന്നേറ്റത്തിന്റെ സമ്മേളനത്തിൽ ഒരവധി ദിനത്തിൽ പങ്കെടുക്കുകയുണ്ടായി . ഞാൻ നാട്ടിൽ വലിയ സംഭവമായിരുന്നു എന്ന മട്ടിൽ ആ രാജ്യത്തെ കോർഡിനേറേറർ എന്നെ പരിചയപ്പെടുത്തിയപ്പോൾ അതു കേട്ടു നിന്ന ഒരു ചേട്ടൻ ‘ താൻ ഒരു സംഭവം തന്നെ ‘ എന്ന മട്ടിൽ എന്നെ നോക്കി . ‘ ഇതൊക്കെ എന്ത് ‘ എന്ന മട്ടിൽ ഒരു മറുനോട്ടം ഞാനും കൊടുത്തു . പിന്നിട് ആ ചേട്ടനെ പറ്റി കോർഡിനേററർ പറഞ്ഞപ്പോഴാണ് കക്ഷി പ്രസ്ഥാനത്തിന്റെ അന്തർദേശീയ തലത്തിൽ സുപ്രാധാന ഉത്തരവാതിത്വം വഹിച്ചയാളാണെന്നു മനസ്സിലയത്. ആ സമയത്ത് ആരെങ്കിലും ആ ഉത്തരവാതിത്വം ഏറ്റെടുക്കണമായിരുന്നുവെന്നും അതുകൊണ്ട് താൻ അതു നിർവഹിച്ചു എന്നു പറഞ്ഞ് ആ ചേട്ടനതിനെ നിസാരവത്കരിക്കുകയും മറ്റു വിഷയത്തിലേക്ക് സംസാരം മാറ്റുകയും ചെയ്തു .
പൊതുവേ അധികാരങ്ങൾ ഒരിക്കൽ ലഭിച്ചാൽ പിന്നെ മറ്റുള്ളവർക്ക് കൈമാറാൻ വിമുഖത കാണിക്കുന്ന കാലമാണിത് . ചിലപ്പോൾ തനിക്കു ശേഷം വരുന്നവർ നന്നായി മുന്നോട്ട് കൊണ്ടു പോകുമോ എന്ന ആശങ്കയും കാരണമാകാം . എന്നാൽ തങ്ങളുടെ നിലകൾവിട്ട്,എളിയ തലത്തിലേക്ക് കടന്നുവരാൻ എന്റെ കൂട്ടുകാരനും , പരിചയപ്പെട്ട ചേട്ടനും കാണിച്ച മനോഭാവം എന്നെ വല്ലാതെ സ്പർശിച്ചു. കരുത്തും കഴിവും ഉള്ളവർ മറ്റുള്ളവർക്കായി വഴിമാറിയപ്പോൾ കൂടുതൽ മനോഹരമായി മാറിയതും കണ്ടിട്ടുണ്ട് . തന്റെ പൂർണ്ണ അധികാരത്തിൽ നിന്ന് പിന്മാറാൻ ബനഡിക്ട് മാർപ്പാപ്പ തീരുമാനിച്ചപ്പോൾ ജനഹൃദയങ്ങളെ കീഴടക്കി കൊണ്ടിരിക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പയെ ലഭിച്ചു . ഇനിയുമുണ്ട് പിന്മാറിയവർ . സ്വതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ദ്രപ്രസ്ഥം വിട്ടിറങ്ങിയ ഗാന്ധിജി മുതൽ തന്റെ താക്കോൽക്കൂട്ടവും മറ്റും മരുമകളെ ഏല്പിച്ചു പിൻവലിഞ്ഞ എനിക്കറിയാവുന്ന ഒരു ‘വലിയമ്മച്ചി’ വരെ ചില ഉദാഹരണങ്ങളാണ് . അധികാരങ്ങളലിൽ നിന്നും ഓടിയകലാനല്ല പറയുന്നത്, മറിച്ച് ഒരോന്നിനും നിഷ്കർഷിച്ചിട്ടുള്ള മഴത്തുള്ളിക്കാലം കഴിയുമ്പോളുള്ള പിന്മാറ്റമാണ് ഉദ്ദേശിച്ചത് . മഴത്തുള്ളി എപ്പോഴും സ്ഥായിയായ അവസ്ഥയല്ല മറിച്ച് അത് ഭൂമിയിൽ നിപതിക്കുമ്പോഴോ , സൂര്യതാപം എല്ക്കുമ്പോഴോ അത് അലിഞ്ഞ് ഇല്ലാതാകുന്നു. എന്നാൽ ഓരോ മഴത്തുള്ളിയുടെ ‘കാലം’ വ്യത്യസ്തമാകാം. അധികാരങ്ങളെ ദൈവീകമായി കണ്ട്, ദൈവം ആഗ്രഹിക്കുന്ന രീതിയിൽ നിർവഹിക്കുമ്പോൾ അത് വളരെ മനോഹരമായി തീരുന്നു. അതുപോലെ പ്രധാനപ്പെട്ടതാണ് ദൈവം നിഷ്കർഷിക്കുന്ന സമയത്ത് അത് കൈമാറുക എന്നതും . കുടുംബത്തിലും, ജോലിസ്ഥലത്തും, നമ്മൾ വ്യാപരിക്കുന്ന മറ്റു മേഖലകളിലും ചെറുതും വലുതുമായി പല തരത്തിലുള്ള അധികാരം ലഭിക്കാറുണ്ട് . ലഭിച്ചിരിക്കുന്ന അധികാരങ്ങളെക്കുറിച്ചുള്ള ദൈവഹിതം തിരിച്ചറിയാനും , അതിന്റെ ‘മഴത്തുള്ളിക്കാലം’ കഴിയുമ്പോൾ കൈമാറുവാനും ഞങ്ങളെ അനുഗ്രഹിച്ചാലും …