​Blog#10: ബാല്യകാല സുഹൃത്തുക്കൾ

എന്റെ പപ്പയെയും മമ്മിയെയും  മൂത്ത പേരക്കുട്ടി വിളിച്ചത് പപ്പച്ചി – മമ്മച്ചി എന്നാണ് .പിന്നാലെ വന്നവർ  അതു  തന്നെ  വിളിച്ച് ആ പേരുകൾ സ്ഥിരമായി ചാർത്തി . കഴിഞ്ഞ ദിവസം രാവിലെ സ്കൂളിൽ പോകാൻ എഴുന്നേൽപ്പിച്ചതു മുതൽ സ്കൂൾ വാൻ വരുന്നതുവരെ എന്റെ  മകൾ തലേന്ന് മമ്മച്ചിയുമായി  ഹോട്ടലിൽ പോയി  ഫുഡ്ഡടിച്ച വിശേഷമായിരുന്നു പറഞ്ഞത് .  ഓഫീസിൽ നിന്നു പാതിരാത്രി കഴിഞ്ഞു വന്നതുകൊണ്ട് എന്റെ ദർശനം രാവിലെ മാത്രമാണ് ലഭിച്ചത്. തലേന്ന് സ്കൂളിൽ നിന്നു വന്നശേഷം മകളും മമ്മച്ചിയും നേരെ ഡോക്ടറിനെ കാണാൻ പോയി. തിരിച്ചുവരും വഴിയാണ് സന്തോഷത്തിന്റെ മത്താപ്പൂ വിരിഞ്ഞ സംഭവം അരങ്ങേറിയത് . കൊച്ചുമകളുടെ triangle ദോശ / ബട്ടൂര കൊതി  അറിയാവുന്ന  മമ്മച്ചി അവളെ ഹോട്ടലിൽ കൊണ്ടുപോയി വാങ്ങി കൊടുത്തു .

Grand Parents ഉം Grand children നും തമ്മിലുള്ള  ചില ബന്ധങ്ങൾ പലപ്പോഴും അത്ഭുത പ്പെടുത്താറുണ്ട്. അത് ഒരിക്കലും മതാപിതാക്കളും മക്കളും പോലുള്ള ബന്ധമല്ല . വളരെ കർക്കശക്കാരായിരുന്ന അപ്പൻമാർ  അപ്പൂപ്പനാകുമ്പോൾ മൃദുല ഹൃദയരാകുന്നതും , വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തീറ്റിച്ചേ അടങ്ങൂ എന്ന് വാശി പിടിച്ച അമ്മമാർ , വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിനു പുറമേ കൊച്ചു മക്കളുടെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം നല്കുന്ന അമ്മൂമ്മയായി മാറുന്നതും ഒരത്ഭുതമാണ്. തിരിച്ചും  അങ്ങനെ തന്നെ.Grand parents നോട് പ്രത്യേക സ്നേഹവും പരിഗണനയും പുലർത്തുകയും  , പ്രായവും, കാലവും മാറ്റങ്ങൾ വരുത്തിയാലും അവർക്ക് മുന്നിലെത്തുമ്പോൾ പൂച്ച ക്കുട്ടികളാവുകയും ചെയ്യുന്ന കൊച്ചു മക്കളെ കണ്ടിട്ടുണ്ട് .  ഞങ്ങളെ പുലിയെ പോലെ വിറപ്പിക്കാറുള്ള client ഒരിക്കൽ grand mother നെ പറ്റി പറഞ്ഞപ്പോൾ എലിയായി മാറിയതും , ഇടവകയിൽ പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ടെന്നു പറയാറുള്ള കുട്ടി അമ്മൂമ്മയെ കണ്ടപ്പോൾ ചാടി കയറി തലങ്ങും വെലങ്ങും ഉമ്മ കൊടുത്തതും ,പപ്പച്ചി   വരാൻ വൈകുന്ന രാത്രികളിൽ  മമ്മച്ചി ഒറ്റയ്ക്കാണന്ന് പറഞ്ഞ് അന്വേഷിച്ച് bedroom ൽ പോകുന്ന എന്റെ മകനുമൊക്കെ  ചില എളിയ ഉദാഹരണങ്ങൾ മാത്രം . എന്നാൽ എല്ലാ Grand parents ഉം കൊച്ചുമക്കളും തമ്മിൽ ഇങ്ങനെയുള്ള ബന്ധം ഉടലെടുക്കാറില്ല .

എനിക്ക് അടുപ്പം പപ്പയുടെ അമ്മയോടും ( ഞങ്ങൾ അമ്മ എന്നാണ് വിളിക്കാറ് . സ്വന്തം അമ്മയെ മമ്മിയെന്നും .അന്നേ അല്പം ന്യൂ ജെൻ ആയിപ്പോയി ) മമ്മിയുടെ അപ്പനോടും ( അച്ചാച്ചൻ ) ആയിരുന്നു. ഇവരു രണ്ടു പേരുമായി എനിക്കുള്ള സാമ്യം എന്റെ നിറമായിരുന്നു. പപ്പയുടെ വീട്ടിൽ ഉള്ളവർ പറയും നിനക്ക് ആ അമ്മയുടെ കറുപ്പാണ്. മമ്മിയുടെ വീട്ടിലോ നിനക്ക് അച്ചാച്ചന്റെ കളറാണ് . പോരാഞ്ഞിട്ട്  ഇടയ്ക്കിടക്ക് ഇതേ കാര്യം ഓർമ്മപ്പെടുത്താൻ ഒരു വെളുത്ത ചേച്ചിയേയും ദൈവം തന്നിട്ടുണ്ടായിരുന്നു.  ഈ കറുപ്പാണോ   അവരെ എന്നിലേക്ക് അടുപ്പിച്ചതെന്നറിയില്ല ,പക്ഷേ  ഓർമ്മ വച്ചനാളുമുതൽ ഇവർ രണ്ടു പേരും എന്റെ buddies ആയിരുന്നു.

ഞാൻ അച്ചാച്ചനുമായി ചങ്ങാത്തം കൂടിയപ്പോൾ എന്റെ ഭൂരിഭാഗം കസിൻസും മമ്മിയുടെ അമ്മയോടാണ് അടുപ്പം പുലർത്തിയത് . അതിന്റെ പ്രധാന കാരണം മദ്യം അദ്ദേഹത്തെ കീഴ്പ്പെടുത്തിയിരുന്നു എന്നതാണ്. സംഗതി വയറ്റിലെത്തിയാൽ പിന്നെ കക്ഷി ‘അന്യൻ’ ആയി മാറും .അല്ലെങ്കിലോ കട്ട ഡീസന്റ് .ഞാൻ  കുഞ്ഞായിരുന്നപ്പോൾ രാത്രികളിൽ അസുഖങ്ങൾ കൊണ്ടും മറ്റും കരയുമ്പോൾ മദ്യപിച്ചിട്ടുണ്ടെങ്കിലും അച്ചാച്ചൻ വന്ന് എടുത്തോണ്ടു പോയി കൂടെ കട്ടിലിൽ കിടത്തി ഉറക്കാറുണ്ടായിരുന്നു വെന്ന് മമ്മി പറഞ്ഞ് കേട്ടിട്ടുണ്ട്. അല്പം വലുതായപ്പോൾ എന്നെ കൊണ്ടു പറമ്പിൽ കൂടി നടക്കാൻ പോകും ,  വഴിയിൽ പോയി വണ്ടികൾ പോകുന്നത് കാണിച്ചു തരും , ചിലപ്പോൾ വെള്ള ഗ്യാസു മിഠായും കപ്പലണ്ടി മിഠായും പേപ്പറിൽ പൊതിഞ്ഞു മേടിച്ചോണ്ടു വരും . ഒരിക്കൽ  അച്ചാച്ചാൻ സന്ധ്യ മയങ്ങാറായപ്പോൾ ഞങ്ങളുടെ വീട്ടിൽ വന്നു . അന്ന് പപ്പായുടെ തറവാട്ടു വീട്ടിലായിരുന്നു താമസം . ഫുൾ ടാങ്ക് അടിച്ചാണ് അച്ചാച്ചൻ വന്നത് .മമ്മിയുടെ കരച്ചിലും കേട്ട് അധികനേരം അവിടെ നിന്നില്ല .ഞാൻ പിള്ളേരെ കാണാൻ വന്നതാ എന്ന ഒറ്റ ഡയലോഗ് വിട്ട് എന്റെ തലയിൽ തടവി മിഠായി പൊതി തന്നു നടന്നു മറഞ്ഞു . കുറച്ചു കൂടി വലുതായപ്പോൾ ആണ് അന്ന് അച്ചാച്ചൻ എപ്പോൾ തിരിച്ച് വീട്ടിൽ എത്തിക്കാണും എന്ന് ചിന്തിക്കുന്നത്. കാരണം ഇന്നു പോലും  സന്ധ്യ മയങ്ങിയാൽ ഇടയാഴത്തു നിന്ന് ചങ്ങനാശ്ശേരിക്കു ബസുകിട്ടാൻ ബുദ്ധിമുട്ടാണ്.  ബുദ്ധിമുട്ടി അത്രയും സ്നേഹത്തോടെ എന്നെ കാണാൻ ആ പടി കടന്ന് അതു പോലെ പിന്നീടാരും വന്നിട്ടില്ല .

ഞാൻ അമ്മയുമായി കൂട്ടാകുമ്പോൾ അമ്മക്കു നടക്കാൻ ബുദ്ധിമുട്ടായി കഴിഞ്ഞിരുന്നു . അതു കൊണ്ട് കൂടുതൽ സമയവും വീട്ടിൽ തന്നെ ഇരിപ്പായിരുന്നു . എന്നെ മടിയിൽ ഇരുത്തി കഥകൾ പറഞ്ഞു തരും , പാട്ടുപാടി തരും, എന്റെ വളരെ ബുദ്ധിപരമായ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ തരും . പിന്നെ ഞങ്ങളുടെ intelligent discussion ന്റ സമയമാണ് . വീടിന്റെ മുന്നിലുള്ള വഴിയെ നടന്നു പോകുന്നവരെ തൊട്ട് വീട്ടിലെ പശു , കോഴികൾ  , മറ്റു  ലോക കാര്യങ്ങൾ അങ്ങനെ നീളും ഞങ്ങളുടെ സംസാരങ്ങൾ .നേഴ്സറി , ആശുപത്രി കഴിഞ്ഞുള്ള സമയങ്ങളിൽ വീട്ടിൽ ഇരിക്കുമ്പോൾ ആണ് അമ്മയുമായി ചങ്ങാത്തം. സംസാരിക്കാൻ തുടങ്ങിയതു കുറച്ചു വൈകിയതുകൊണ്ടും വീട്ടിൽ മറ്റുള്ളവരെക്കാൾ വളരെ കുറച്ചു സംസാരിക്കുന്നതു കൊണ്ടും ചേച്ചിയും ഞാനും തമ്മിലുളള വാദപ്രതിവാദങ്ങളിൽ എനിക്കു വേണ്ടി വാദിക്കാൻ അമ്മ ഹാജരാകും . അതിനെ പ്രതിരോധിക്കാൻ ചേച്ചി ‘അമ്മയ്ക്ക് അല്ലേലും ആൺ കുട്ടികളോടാണ് സ്നേഹം ‘ എന്ന ഡയലോഗ് കാച്ചും. സൈക്കോളജിയുടെ വിവിധതലങ്ങളെപ്പറ്റി അറിവ് ഇല്ലാത്തോണ്ട് ആവാം ചേച്ചിയുടെ ആ സൈക്കോളജിക്കൽ മൂവ് അമ്മയെ തളർത്തിയില്ല. ഇന്ന് അമ്മയുണ്ടാവുകയും ആരോഗ്യം സമ്മതിക്കുകയും ചെയ്തിരുന്നെങ്കിൽ  ഞങ്ങൾ രണ്ടാളും കൂടി തട്ടുകടയിൽ പോയി പൊറോട്ടയും ബീഫും കഴിച്ചേനേ. കാരണം രണ്ടാളും നല്ല foodies ആണു . അമ്മയുടെ ഒപ്പമ്മുള്ള സംസാരങ്ങളാണ് എന്റെ സംസാരക്കുറവ് കുറച്ചൊക്കെ പരിഹരിച്ചത് .അമ്മയോ ടൊത്തായിരുന്ന സമയങ്ങളിൽ ഞാൻ ഒത്തിരി സന്തോഷിച്ചിരുന്നു.

വളർന്നപ്പോൾ പഴയ ചങ്ങാതത്തിന്റെ ഊഷ്മളത കുറഞ്ഞു തുടങ്ങി. പിന്നീട്  എനിക്ക് എത്ര മാത്രം വേണ്ടപെട്ടവരാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും അവർ  ദൈവ ഗ്രഹത്തിലേക്ക് പ്രവേശിച്ചിരുന്നു.  ചില സന്ദർഭങ്ങളിൽ പ്രത്യേകിച്ച് ഞാൻ എൻജിനിയറിങ്ങ് പാസ്സായപ്പോൾ , എനിക്ക് ആദ്യമായി ജോലി ലഭിച്ചപ്പോൾ , എന്റെ വിവാഹദിനത്തിൽ , എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടായപ്പോൾ അവരുടെ സാമിപ്യവും അനുഗ്രഹവും ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. ഇന്ന് അവരില്ല എന്നത് എന്റെ  സ്വകാര്യ ദു:ഖങ്ങളിൽ ഒന്നായി അവശേഷിക്കുന്നു. ഓർക്കുമ്പോൾ അവരുടെ ആത്മാക്കൾക്ക് നിത്യശാന്തി ഉണ്ടാകാൻ പ്രാർത്ഥിക്കുക , അവരുടെ ഓർമ്മ ദിവസം അവർക്കായി വി.കുർബാന ചൊല്ലിപ്പിക്കുക . ഇതൊക്കെ അല്ലേ എനിക്ക് എന്റെ ബാല്യകാല സുഹൃത്തുക്കൾക്കു വേണ്ടി ചെയ്യാൻ ഇനി സാധിക്കൂ.  മുകളിൽ ഇരുന്ന് രണ്ടാളും ദൈവത്തോടും പറയുന്നുണ്ടാവും ഞങ്ങളുടെ തെമ്മാടിക്കുട്ടനെ കാത്തുകൊള്ളണേ എന്ന്..

ബാല്യകാല സുഹൃത്തുക്കള്‍

Printed in Kairos

1 thought on “​Blog#10: ബാല്യകാല സുഹൃത്തുക്കൾ

  1. Nostalgic…

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this:
search previous next tag category expand menu location phone mail time cart zoom edit close