മൂന്നാമതൊരാൾ ..
അമ്മയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്, സ്ഥലകാലബോധമില്ലാത്ത ഉറക്കമായിരുന്നതിനാൽ അല്പനേരമെടുത്തു അതിൽ നിന്നു മുക്തമാകാൻ. ചെറിയ പനിച്ചൂടു ണ്ടായിരുന്നതിനാൽ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് മരുന്നു കഴിച്ചു കിടന്നതാണ്. പയ്യെ താഴെ വന്നപ്പോഴേക്കും വീട്ടീലുള്ളവരല്ലാം ഞായറാഴ്ചത്തെ അടിപൊളി ഊണും കഴിഞ്ഞ് ഏബക്കവും വിട്ട് കംപ്യൂട്ടറിന് മുന്നിൽ സ്ഥാനം പിടിച്ചിരിക്കുന്നു . എന്റെ അപ്പനും അമ്മയും ന്യൂജെൻ ആയതു കൊണ്ടല്ല കംപ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുന്നത് , മറിച്ച് മാട്രിമോണിയൽ സൈറ്റിൽ എനിക്ക് പറ്റിയ ഒരാളെ കണ്ടു പിടിക്കാനുള്ള ശ്രമമാണ്. ഒരു കംപ്യൂട്ടർ വിദഗ്ദന്റെ റോളിൽ എന്റെ പത്താം ക്ലാസ്സുകാരനായ കസിനും കളത്തിലുണ്ട്.പൊതുവെ ആദ്യഘട്ട സെലക്ഷൻ കഴിയുമ്പോൾ എന്റെ അഭിപ്രായം അറിയാൻ വിളിക്കാറുണ്ട്. അങ്ങനെ എന്റെ വിളി കാത്ത് കംപ്യൂട്ടർ ഇരുന്ന മുറിയിലെ കട്ടിലിൽ ഞാൻ വീണ്ടും കിടപ്പായി . കുറച്ചു കഴിഞ്ഞ് എന്റെ സഹോദരി ഓടിയെത്തി കംപ്യൂട്ടറിന്റെ മുമ്പിൽ സ്ഥാനം പിടിച്ചു.സാധരണ വിശേഷങ്ങൾ ഓരോന്നായി വിളമ്പാറുള്ള കക്ഷി മോണിട്ടർ നോക്കി ഒറ്റയിരിപ്പാണ്.വന്നിരിക്കുന്ന ആലോചനകൾ വീണ്ടും നോക്കിയപ്പോൾ ചേച്ചിക്കു പരിചയമുള്ള ഒരു പെൺകുട്ടി.പിന്നെ അവളെപറ്റിയുള്ള വർണ്ണകളായിരുന്നു. അതൊക്കെ കേട്ടാൽ തോന്നും പരിശുദ്ധ കന്യമറിയം കഴിഞ്ഞാൽ ലവളാണ് നല്ല പെൺകുട്ടിയെന്ന്… എനിക്ക് പിന്നെ ഇതൊന്നും പുത്തിരിയല്ല.എന്നെപ്പറ്റി തന്നെ എന്തൊക്കെ നുണകൾ പറഞ്ഞിരിക്കുന്നു.ഞാൻ നല്ലവനാണ്,മിടുക്കനാണ് … നമുക്കറിയാം നമ്മുടെ കയ്യിലിരിപ്പ്. ഇത്രയും പറഞ്ഞസ്ഥിതിക്ക് കക്ഷിയുടെ ഫോട്ടോ കണ്ടാൽ കൊള്ളാമെന്നുണ്ട്. പക്ഷേ അത് എന്റെ ആക്രാന്തമായി കരുതിയാലോ എന്നുവിചാരിച്ച് ഇല്ലാത്ത മസിലും പിടിച്ച് കട്ടിൽ തന്നെ കിടന്നു .’എടാ നീ ഇതു വന്നു നോക്കിയെ ‘ എന്നു പറഞ്ഞപ്പോൾ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഒന്നു നോക്കി.പെൺകുട്ടിയെ കാഴ്ചയിൽ ഇഷ്ടപ്പെട്ടെങ്കിലും അതൊന്നും പുറമേ കാണിക്കാതെ ഒരു സാധാരണ മലയാളിയുടെ മറുപടി കൊടുത്തു ‘ ഹാ ! കുഴപ്പമില്ല.അതിനെ തുടർന്ന് എന്റെ ആദ്യപെണ്ണുകാണലിനു കളമൊരുങ്ങി.മുമ്പൊരുകൂട്ടർ എന്നെ വന്നുകണ്ടെങ്കിലും ആ പെൺകുട്ടിക്ക് ‘ഭാഗ്യം’ ഉള്ളതുകൊണ്ട് ആ ആലോചന മുന്നോട്ടു പോയില്ല.ഉച്ചവിശപ്പ് ഉച്ചിയിൽ എത്തി നിന്നതു കൊണ്ട് അമ്മയേയും കൂട്ടി അടുക്കളേയിലേക്ക് പോയി. അപ്പോഴും ചേച്ചി പെൺകുട്ടിയെ പറ്റിയുള്ള വിവരണം തുടർന്നുകൊണ്ടേയിരുന്നു.എന്തായാലും വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.
ദൈവം ഓരോരുത്തർക്കും ചേർന്ന ഇണയെ തുണയായി നല്കുമെന്നാണ് വിശ്വാസം.വിവാഹത്തിന് മുമ്പ് പ്രാർത്ഥിച്ചു ഒരുങ്ങിയ കുറച്ചു പേരെ അടുത്തറിയാം . ആദ്യം എന്റെ പ്രാർത്ഥന എന്റെസങ്കല്പങ്ങൾ അനുസരിച്ച ഒരാളെ ഭാര്യയായി ലഭിക്കണം എന്നായിരുന്നു .പിന്നീട് എന്റെ ചിതറിയ ചിന്തകളും താത്വികമായ അവലോകനങ്ങളും സർവ്വോപരി കൈയ്യിലിരിപ്പും സഹിക്കാൻ ഒരു സാധാരണ പെൺകുട്ടിക്ക് സാധിക്കില്ല എന്ന തിരിച്ചറിവുള്ളതിനാൽ പുള്ളിക്കാരൻ എനിക്കു വേണ്ടി നിശ്ചയിച്ച പെൺകുട്ടിക്ക് എന്നെഉൾക്കൊള്ളാൻ കഴിയുംവിധം എന്നെ മാറ്റണമേ എന്നായി പ്രാർത്ഥന.
എന്തായാലും കാര്യങ്ങൾ മുന്നോട്ട് നീങ്ങുകയും ഞങ്ങളുടെ വിവാഹം വിചാരിച്ചതിലും മനോഹരമായി ഉറപ്പിക്കുകയും ചെയ്തു.അപ്പോൾ ആണ് അടുത്ത പ്രതിസന്ധി.. കല്യാണം ഉറപ്പിച്ചാൽ പിന്നെ ചെക്കനും പെണ്ണും ദിവസവും കുറച്ചു നേരമെങ്കിലും സംസാരിക്കണം എന്നാണ് ഇപ്പോഴത്തെ ആചാരം.അല്ലെങ്കിൽ ചെറുക്കനോപെണ്ണിനോ വല്ലപ്രശ്നവും ഉണ്ടോ എന്നു തുടങ്ങി സംശയങ്ങൾ ഉടലെടുക്കും.ഞാൻ എങ്ങനെ ശ്രമിച്ചാലും 10-15 മിനിറ്റ് കഴിഞ്ഞാൽ വിഷയദാരിദ്ര്യമാകും.പണ്ട് വളരെനേരം സംസാരിച്ചോണ്ടിരുന്ന കാമുകി കാമുകൻമാരെ ഒരു ദാക്ഷിണ്യവും കൂടാതെ ഞാൻ കളിയാക്കിയതൊക്കെ ഓർമ്മയിൽ വന്നു.ഞാൻ ഫോണിൽ ‘ബബബ’ അടിക്കുമല്ലോ എന്നു ടെൻഷനടിച്ചു ഇരുന്നപ്പോൾ ആണ് ആ ചിന്ത വന്നത് . എനിക്കു വേണ്ട ഇണയെ തന്ന ദൈവം തന്നെ ബാക്കിയൊള്ളതും ചെയ്തു തരണം.അങ്ങനെ താനുമായി വിവാഹം ഉറപ്പിച്ച പെണ്ണിനോട് നന്നായി സംസാരിക്കാൻ ദൈവത്തോട് സഹായം അഭ്യർത്ഥിച്ച ലോകത്തിലെ ആദ്യ സോഫ്റ്റ് വേർ എഞ്ചിനീയർ ചിലപ്പോൾ ഞാനായിരിക്കും.എന്തായാലും ആ അഭ്യർത്ഥന ഏറ്റു.
വിവാഹ ഒരുക്ക കോഴ്സ്,ആഭരണംമേടിക്കാൻപോകൽ,സാരി മേടിക്കാൻപോകൽ തുടങ്ങിയ നിർബന്ധിത നാട്ടുനടപ്പുകളോട് ആദ്യമായി ഇഷ്ടം തോന്നി. പരസ്പരം കാണുന്നതിനു പരിമിതികൾ ഉള്ളതിനാൽ ഇങ്ങനെയുള്ള വിരളമായ അവസരങ്ങളിലാണ് നേരിൽ കാണാൻ സാധിച്ചത്.പിന്നെ ദിവസേനയുള്ള ഫോൺ വിളികളാണ് പരസ്പരം അടുക്കാൻ സഹായിച്ചത്. സംസാരിക്കുമ്പോൾ ഉള്ള വിഷയദാരിദ്ര്യം പടി കടന്നു പോയതു പോലും ഞാൻ അറിഞ്ഞില്ല .ഞങ്ങളുടെ ഇടയിൽ മൊട്ടിട്ട പ്രണയം ജീവിതന്ത്യം വരെ നിലനിക്കണമെന്നാണ് അൾത്താരയുടെ മുമ്പിൽ താലിചാർത്തിയപ്പോൾ പ്രാർത്ഥിച്ച ഒരു കാര്യം.പൊതുവെ ഹോംസിക്ക്നസ്സ് ഉള്ള ഭാര്യക്ക് ഞാനുമായുള്ള സംസാരം മൂലം വീടുവിട്ടു പോകുമ്പോൾ ഉണ്ടാകാറുള്ള വിഷമം വിവാഹദിനത്തിൽ ഉണ്ടായില്ലെന്നും ഈ ദിനത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും പറഞ്ഞപ്പോൾ ഞാൻ പുളകിതനായി. എങ്കിലും അതിന്റെ ക്രെഡിറ്റൊന്നും സഹായിച്ച ‘പുള്ളിക്കാരനു’ അപ്പോൾ കൊടുത്തില്ല .
വിവാഹം കഴിഞ്ഞു ഒരുമിച്ചു ജീവിച്ചു തുടങ്ങിയപ്പോൾ ഒരുകാര്യം മനസ്സിലായി അടിസ്ഥാനപരമായ ചില കാര്യങ്ങൾ ഒഴിവാക്കിയാൽ ഞങ്ങളുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും രണ്ടറ്റത്താണ്.ഫാനിന്റെ സ്പീഡ് മുതൽ ഭക്ഷണം, വസ്ത്രം അങ്ങനെ ഞങ്ങളുടെ വ്യത്യസങ്ങളുടെ പട്ടിക വലുതായിക്കൊണ്ടിരുന്നു.കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ മനസ്സിലായി, പ്രത്യക്ഷത്തിൽ ഞങ്ങൾ അകൽച്ചയിലല്ലെങ്കിലും അന്തർധാര അത്ര സജീവമല്ല . ഭാര്യയുമായി ‘പ്രണയം’ പോയിട്ടു ‘പ്ര’ പോലും മനസ്സിൽ നിന്നുവരാത്ത അവസ്ഥ. അതു കൊണ്ട് സ്വയം ശ്രമം ഉപേക്ഷിച്ചു വീണ്ടും പുള്ളിക്കാരനിൽ അഭയംപ്രാപിച്ചു.കല്യാണം കഴിപ്പിച്ചു തന്നാൽ മാത്രം പോരാ ഞങ്ങളുടെ വിവാഹ ജീവിതത്തിലുടനീളം ഉണ്ടാകണമെന്നും പ്രാർത്ഥിച്ചു.ആ ഇടയ്ക്ക് എനിക്ക് ജോലിയിൽ ഒരു വലിയ പ്രതിന്ധി കടന്നു വന്നു.പൊതുവെ ഇങ്ങനെയുള്ള അവസരങ്ങളിൽ കുറ്റപ്പെടുത്തലുകൾ കേട്ടാണ് ശീലം.തകർന്നിരുന്ന എന്നെ ഭാര്യ ഒരുകുറ്റവും പറയാതെ ചേർത്തുപിടിച്ചു.പിന്നീട് ഞാൻ ആ പ്രതിസന്ധിഘട്ടത്തിൽ നിന്നും മുക്തനായപ്പോൾ വളരെ ശാന്തമായി എന്റെ ഭാഗത്തും നിന്ന് എന്തെങ്കിലും പോരായ്മ ഉണ്ടായോ എന്ന് തിരിഞ്ഞു നോക്കാൻ നിർദേശിച്ചു.അന്നു ഞാൻ തിരിച്ചറിഞ്ഞു, എന്റെ പോരായ്മകളുടെ നികത്താലാണ് എന്നെ ചേർത്തു പിടിച്ചിരിക്കുന്ന ഭാര്യയുടെ ശക്തിയെന്ന്.ഞങ്ങളുടെ ഇടയിൽ വീണ്ടും പ്രണയം തളിർത്തു. ഭാര്യയുടെ എംടെക്ക് പഠനസമയത്താണ് ഞങ്ങളുടെ രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും. യൂണിവേഴ്സിറ്റിയിൽ നാലാം റാങ്കോടെയാണ് ഭാര്യ പാസായത്.ഇതു നേടാനായത് എന്റെയും അകമഴിഞ്ഞ പിന്തുണകൊണ്ടാണന്ന് ഭാര്യ എല്ലാവരോടും പറഞ്ഞപ്പോൾ ഞാൻ വീണ്ടും പുളകിതനായി. ഇത്തവണ ക്രെഡിറ്റ് പുളളിക്കാരനുതന്നെ കൊടുത്തു.കാരണം ദൈവാനുഗ്രഹം കൊണ്ടാണ് ഇത് കൈവരിച്ചത് എന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു .
ഒരു മനുഷ്യ ആയുസ്സ് സന്തോഷങ്ങളും ദു:ഖങ്ങളും ഒക്കെ നിറഞ്ഞ ഒരു പാക്കേജാണെന്ന് തോന്നാറുണ്ട് . അതിൽ ബോധപൂർവ്വം പങ്കാളിയുടെ നന്മകൾ ഓർമ്മിച്ച് വെക്കാനും പോരായ്മകൾ മറക്കാനും തുടങ്ങുമ്പോൾ വിവാഹജീവിതത്തിന്റെ മാധുര്യം നുണയാൻ തുടങ്ങും .ഭർത്താവിന്റെയും ഭാര്യയുടേയും പരിശ്രമങ്ങൾക്കൊപ്പം മരണംവരെ നിലനിൽക്കുന്ന സ്നേഹത്തിൽ തുടരാനും മരണംവേർപ്പെടുത്തുമ്പോൾ ഈശ്വരനെ പ്രാപിക്കാനും വിവാഹ ജീവിതത്തിൽ മൂന്നാമതൊരാളിന്റെ സാന്നിധ്യവും നിർബന്ധമായും ഉണ്ടാകണം . ദൈവമെന്ന മൂന്നാമതൊരാൾ …..
Printed in Kairos -Sep 2017 edition