ആശുപത്രിയിൽ നിന്നു കൊച്ചിനെ ഡിസ്ചാർജ് ചെയ്ത് നേരെ പോയത് വീടിനടുത്തുള്ള, ഭർത്താവിന്റെ ഏറ്റവും മൂത്ത ജേഷ്ടന്റെ വീട്ടിലേക്കാണ് . അവിടെയെത്തി വരാന്തയിൽ കൊച്ചിനെ കടത്തി ജേഷ്ടന്റെ ഭാര്യയെ കെട്ടി പിടിച്ച് കൊച്ചിന്റെ അമ്മ പൊട്ടിക്കരഞ്ഞു.അതിനു കാരണം ആശുപത്രിയിൽ നിന്നു പോരുമ്പോൾ ഡോക്ടർ പറഞ്ഞ ചില കാര്യങ്ങൾ ആണ് .മൂത്ത മകൾക്കു ശേഷം കുറച്ചു കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കും ശേഷം ലഭിച്ച ആൺകുട്ടിയാണ് . പക്ഷേ, ജനിച്ച നാൾ മുതൽ എപ്പോഴും അസുഖങ്ങളായിരുന്നു .പനി പെട്ടന്ന് കൂടി ഫിറ്റ്സ് വരുന്നത് പതിവായിരുന്നു.
ഇന്നത്തെ പോലെ മുട്ടിനുമുട്ടിന് ആശുപത്രികൾ ഇല്ല . യാത്രാ സൗകര്യവും തീരെ കുറവ് . സന്ധ്യ മയങ്ങിയാൽ ബസ്സുകൾ ഇല്ല .അന്നു കൊച്ചിന്റെ അച്ഛൻ ജോലിയുമായി കുറച്ചു നാൾ വടക്കേ ഇന്ത്യയിലായിരുന്നു. ഒരിക്കൽ ഫിറ്റ്സ് വന്നപ്പോൾ ഭർത്താവിന്റെ മൂത്ത ജേഷ്ടന്റെ ഭാര്യയാണ് കൊച്ചിനെയും കൊണ്ടോടിയത് . മറ്റൊരു സമയത്ത് കൊച്ചിനു ഫിറ്റ്സ് വന്ന് വണ്ടി കിട്ടാതെ വിഷമിച്ചപ്പോൾ ട്രിപ്പ് കഴിഞ്ഞു പോയ ബസ്സുകാരാണ് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചത് . അങ്ങനെ കൊച്ചിനെയും കൊണ്ട് ആശുപത്രി കയറിയറിക്കം പതിവ് പരിപാടിയായി. ഈ പ്രാവശ്യം ആശുപത്രിയിൽ നിന്ന് പോരുമ്പോൾ ഡോക്ടർ പറഞ്ഞു, വളരെയധികം മരുന്നുകൾ ഈ കൊച്ചിന് ചുരുങ്ങിയ കാലയളവിൽ നല്കേണ്ടി വന്നു. അതു കൊണ്ട് മറ്റു കുട്ടികളെപോലെ പെരുമാറുന്നതിലോ , ബുദ്ധിയിലോ കുറവ് സംഭവിച്ചേക്കാം . ഈ വാക്കുകളാണ് ആ അമ്മയുടെ ഹൃദയം തകർത്തത്.
ഇത് കൊച്ചിന്റെ അച്ഛനും അമ്മയും അധികമാരോടും പറഞ്ഞില്ല. പകരം ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിച്ചു . പക്ഷേ ദൈവത്തിനു അവനെ കുറിച്ച് ഒരു പദ്ധതി ഉണ്ടായിരുന്നു . അവൻ വളർന്നു . എഞ്ചിനീയറിങ്ങിൽ ബിരുദവും ബിരുദാനന്ത ബുരുദവും നേടി . വിവാഹാതിനായി രണ്ടു കുട്ടികളുടെ അച്ഛനായി ഇപ്പോൾ ഒരു മൾട്ടിനാഷണൽ ഐ.ടി. കമ്പനിയിൽ പ്രൊജക്റ്റ് മാനേജരായി ആയി ജോലിചെയ്യുന്നു . അവനു വല്ല ബുദ്ധി കുറവ് ഉണ്ടോ എന്നു ചോദിച്ചാൽ ഭാര്യ പറയും, ബുദ്ധി കൂടിയിട്ട് കുറച്ചു കുരുട്ടുബുദ്ധി കൂടി കിട്ടിയിട്ടുണ്ട്..
ചിലപ്പോൾ ഈ ചിന്തകൾ എന്റെ മനസ്സിൽ കടന്നു വരാറുണ്ട് ,പ്രത്യേകിച്ച് ജന്മദിനങ്ങളിൽ….. ഏതാനും താളുകൾ മാത്രമുള്ള തീരെ ചെറിയ പുസ്തകമായി തീരേണ്ട എന്റെ ജീവിതത്തെ താളുകൾ കൊണ്ടും നിറങ്ങൾ കൊണ്ടും അക്ഷരം കൊണ്ടും നിറച്ച നിരവധി പേരുണ്ട് . എന്റെ മാതാപിതാക്കൾ , കുടുംബാംഗങ്ങൾ, ബന്ധുക്കൾ , സുഹൃത്തുക്കൾ , എന്നെ തോളിലിട്ട് ജീവൻ രക്ഷിക്കാൻ ഓടിയ എന്റെ അപ്പന്റെ ഏറ്റവും മുത്തജേഷ്ടന്റെ ഭാര്യ – ഞാൻ സ്നേഹപൂർവം വിളിക്കുന്ന അമ്മച്ചി മുതൽ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച ഊരും പേരും അറിയാത്ത ട്രിപ്പ്കഴിഞ്ഞു മടങ്ങിയ ബസ്സുകാർ…. അറിയില്ല ആരോക്കെയാണ് എന്റെ പുസ്തകം നിറച്ചത്.. പക്ഷേ ഒന്നറിയാം ഇതിനു പിന്നിൽ ദൈവത്തിന്റെ കരസ്പർശമുണ്ട് . എല്ലാറ്റിനും നന്ദി !!!
Note : Printed in Kairos , June2020