‘എടാ ഏബാ’ എന്ന എന്റെ വിളിക്ക് ‘ എന്നാ അപ്പാ ‘ എന്ന് ഒരീണത്തിൽ എന്റെ മൂന്നര വയസ്സുകാരന്റെ വിളികേൾക്കലുണ്ട് .അത് എനിക്ക് വളരെ ഇഷ്ടമാണ് . കുഞ്ഞുവായിലെ വലിയ വർത്തമാനങ്ങൾ കേട്ടിരിക്കുമ്പോൾ സമയം പാഞ്ഞു പോകുന്നത് അറിയാറില്ല . ചിലപ്പോൾ പാർട്ടി ഇങ്ങനെയൊക്കെ പറഞ്ഞു തുടങ്ങും ‘ഞാൻ കുഞ്ഞായിരിന്നപ്പോൾ ഉണ്ടല്ലോ ….’ ഞാൻ അവനെ അടിമുടിനോക്കും ഇതിലും കൂടുതൽ നീ എന്നാ കുഞ്ഞാകാനാടാ… എന്ന ഭാവത്തിൽ .പിന്നെ എല്ലാം ശ്രദ്ധാപൂർവ്വം കേട്ടിരിക്കും. അവനു ഇപ്പോഴേ ഒരു ഫാൻസ് ക്ലബ്ബ് ഉണ്ട്. കൂടുതലും പ്രായം കൊണ്ട് അറുപതുപിന്നിട്ട ചെറുപ്പക്കാരികൾ… എന്നും വാരിയെടുക്കുന്ന അവന്റെ വാനിലെ അമ്മാമ്മ മുതൽ ഇവരുടെ ലിസ്റ്റ് അങ്ങിനെ നീണ്ടുപോകുന്നു.
ഒരിക്കൽ അവന്റെ ഉള്ളം കൈ മുത്തി കൊച്ചിന്റെ കൈ അപ്പനു വലിയ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ അതിനപ്പന്റെ കൈയ്യും എന്റെ പോലെയല്ലേ എന്നാണ് മറുചോദ്യം. കാര്യംതിരക്കിയപ്പോഴാണ് മഹാന്റെ കണ്ടുപിടിത്തം മനസ്സിലായത് . ഞങ്ങളുടെ രണ്ടു പേരുടേയും കൈയ്യുടെ നിറം ഒരു പോലെയാണ് . അവൻ പറഞ്ഞതിലും കാര്യമുണ്ടായിരുന്നു . വീട്ടിൽ ഞങ്ങൾ രണ്ടു പേർക്കു മാത്രമാണ് ദേഹത്ത് ഇരുട്ട് കലർന്നിട്ടുള്ളൂ . അതിന്റെ അഹങ്കരം ഞങ്ങൾ ഇടയ്ക്ക് കാണിക്കാറുണ്ട്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഞങ്ങളുടെ സൗന്ദര്യം വിവരിച്ചുണ്ടുള്ള നിമിഷ കവിതകൾ പിറവിയെടുക്കും .
കേട്ടാൽ പെറ്റമ്മ പോലും സഹിക്കില്ലെങ്കിലും ഞാൻ പാടുന്നതു അവൻ ഏറ്റു പാടും . പക്ഷേ ഈയിടയായി ഇതൊക്കെ കേൾക്കുമ്പോൾ അപ്പൻ ആ വായൊന്ന് അടയ്ക്കാമോ എന്നായി കക്ഷി. അവൻ എല്ലാം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു . പൊതുവേ മകൻ എന്നതു അപ്പനു പ്രതീക്ഷയായിട്ടോ, ഒരു കൈതാങ്ങായിട്ടോ, ബലമായിട്ടോ ആണു നിർവചിക്കാറുള്ളത് . ചില അപ്പൻമാർക്ക് അവരുടെ പ്രതിബിംബമാണ് മകൻ .എനിക്കും ഏതാണ്ട് അങ്ങനെയാണ് . ഞാൻ ഇപ്പോൾ ഏബലിലൂടെ എന്റെ ബാല്യം വീണ്ടും കാണുകയാണ് . അവന്റെ കുസൃതികളും , ‘പ്രകടനങ്ങളും’ , തമാശകളും കാണുമ്പോൾ പലപ്പോഴും വിരൽ ചൂണ്ടുന്നത് എന്നിലേക്കാണ് – ‘നീയും ചെറുപ്പത്തിൽ ഇങ്ങനെയൊക്കെയായിരുന്നു ‘ .
അന്നു ഞാൻ പതിവിലും നേരത്തെ ഓഫീസിൽ നിന്നു വീട്ടിലെത്തി .കുട്ടികളുടെ മാറിമാറി വരുന്ന അസുഖങ്ങളും ചില ‘ഓഫീസ്’ ടെൻഷനുകളും കാരണം ‘മൂഡ്’ ഓഫായിരുന്നു . ചൊവ്വാഴ്ച്ച ആയതിനാൽ കലൂർ പള്ളിയിൽ പോകാമെന്നു വച്ചു .വൈകിയതിനാലും അപ്പോൾ കാറോടിച്ചു പോകാൻ താല്പര്യമില്ലാത്തതിനാലും യൂബറിലായിരുന്നു യാത്ര .പൊതുവേ ഞാനാണ് ഇങ്ങനെയുള്ള യാത്രകളിൽ സംസാരിച്ചു തുടങ്ങുക . പക്ഷേ അന്ന് എനിക്ക് പുറത്തേക്ക് വിരസമായി നോക്കി ഇരിക്കാനെ സാധിച്ചൊള്ളൂ. എന്നാൽ കാറോടിച്ച ചേട്ടൻ എന്നോട് സംസാരിക്കാൻ തുടങ്ങി . കൊച്ചിയിൽ ഇഴഞ്ഞു നീങ്ങുന്ന ട്രാഫിക്കിൽ തുടങ്ങി പള്ളികളിൽ കിട്ടുന്ന നേർച്ച പണവും, അതിൽ നിന്നു പാവങ്ങൾക്കു നൽകുന്ന സഹായവും തുടങ്ങി വിവിധ മേഖലകളിലേക്ക് ഞങ്ങളുടെ സംസാരം പടർന്നു. അപ്പോഴേക്കും നഷ്ടപ്പെട്ട ഫോമിലേക്ക് ഞാൻ തിരിച്ചെത്തി . അടുത്തയിടെ ഞങ്ങളുടെ പള്ളിയിൽ ഒരാളെ സഹായിച്ച കാര്യം പറഞ്ഞപ്പോൾ ഡ്രൈവർ ചേട്ടന്റെ മറുപടി ഇങ്ങനെ
” പറയുമ്പോൾ എല്ലാം പറയണമല്ലോ എനിക്കും കിട്ടി അറുപത്തൊൻപതിനായിരം രൂപ കൊച്ചിന്റെ ഓപ്പറേഷന് ”
“എന്നിട്ട് ചേട്ടന്റെ കൊച്ചിന്റെ അസുഖം മാറിയോ “.
പെട്ടന്ന് ഒരു നിശബദ്ധത . പിന്നെ ചേട്ടന്റെ മറുപടി ഇങ്ങനെയായിരുന്നു
” ഇല്ല . മരിച്ചു പോയി ”
ഇനിയെന്ത് സംസാരിക്കുമെന്നറിയാതെ ഒന്നു പതറി. പയ്യേ ഞാൻ ചോദിച്ചു
“ചേട്ടനു വേറെ കുട്ടികൾ ? ”
“രണ്ടു പെൺകുട്ടികൾ കൂടിയുണ്ട്. മരിച്ചത് മൂത്ത കുട്ടിയാണ് .അതൊരു ആൺകൊച്ചായിരുന്നു . മരിക്കുമ്പോൾ 12 വയസ്സ് . ഈ വെള്ളിയാഴ്ച ആണ്ട് തികയും “. അയാൾ കരയുന്നില്ല . പക്ഷേ സംസാരത്തിന്റെ ടോൺ മനസ്സിലെ ഭാരം വ്യക്തമാക്കുന്നുണ്ട്. പിന്നീട് ഞങ്ങൾ സംസാരിച്ചില്ല . സാരമില്ല , എല്ലാം നല്ലതിന് , പ്രാർത്ഥിക്കാം തുടങ്ങിയ സ്ഥിരം ആശ്വാസവാക്കുകൾ പറയാൻ നാവു പൊങ്ങിയില്ല. അ ചേട്ടന്റെ വേദന നിസാരവത്ക്കരിക്കാൻ എനിക്കാവില്ല. കാരണം ഞാനും ഒരു മകന്റെ അപ്പനാണ് .എനിക്ക് തോന്നുന്നത് ആൺകുട്ടിയും പെൺകുട്ടിയും ഒരു പൂന്തോട്ടത്തിലെ വ്യത്യസ്ഥങ്ങളായ രണ്ടു നല്ല പൂക്കൾ പോലെയാണ് . ഒന്ന് ഒന്നിനു പകരമാവില്ല . പള്ളിയിൽ ചെന്നപ്പോൾ വിടരും മുമ്പേ കൊഴിഞ്ഞു പോയ മൊട്ടും , അതിന്റെ വേദനയിൽ കഴിയുന്ന അപ്പനും അമ്മയും സഹോദരിമാരുംമാണ് പ്രാർത്ഥനയിൽ കടന്നു വന്നത് .
ക്രിസ്തുമസ്സ് ഉണ്ണീശോ ജനിച്ച ദിവസം . ക്രൈസ്തവ വിശ്വാസമനുസരിച്ച് മാനവരക്ഷയ്ക്കു വേണ്ടി പിതാവായ ദൈവം സ്വപുത്രനായ ഈശോയെ ഭൂമിയിലേക്ക് അയച്ചു . അങ്ങനെയെങ്കിൽ ക്രിസ്തുമസ് സ്വപുത്രനെ നൽകാൻ തയ്യാറായ ദൈവം എന്ന അപ്പന്റെ ദിനം കൂടിയാണ് .
എല്ലാവർക്കും അല്പം സ്പെഷ്യലായി കർമ്മം കൊണ്ടൊ ജന്മം നല്കിയതുകൊണ്ടൊ അപ്പൻമാരായവർക്കും ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റേയും ആശംസകൾ നേരുന്നു