Blog#5: ശിശുദിനം

        അത് കേട്ട് വീട്ടുകാർ ഞെട്ടി…  ശിശുദിനത്തിനു മുന്നോടിയായുള്ള മലയാളം പ്രസംഗ മത്സരത്തിന് പഠിക്കുന്ന സ്കൂളിനെ പ്രതിനിധീകരിച്ച് ഞാൻ പങ്കെടുക്കാൻ പോകുന്നു .തിരഞ്ഞെടുപ്പ് നടത്തിയതോ എന്റെ ക്ലാസ് ടീച്ചറായ സൂസൻ ടീച്ചർ . ഈ ഞെട്ടലിന് ചില  കാരണങ്ങൾ ഉണ്ട് . ഞാൻ സംസാരിക്കുന്നത്  ‘കൊഞ്ചി’ ആണെന്നുള്ള ഒരു പൊതു ആക്ഷേപം അന്ന് നിലവിലുണ്ട്. പോരാത്തതിനു മറ്റൊരു ടീച്ചർ ഒരു ക്ലാസ്സുമുഴുവൻ സാക്ഷിയാക്കി ഇതു പറഞ്ഞെന്നെ കളിയാക്കുകയും വഴക്കു പറയുകയും ചെയ്തു .അതിന്റെ ക്ഷീണം മാറിവരുന്നേയുള്ളൂ . അപ്പന്റെ ഒരു സഹപ്രവർത്തകൻ വീട്ടിൽ വന്നപ്പോൾ എന്റെ സംസാരത്തിലെ ‘കൊഞ്ചൽ’ സ്ഥീകരിക്കുകയും അപ്പനോട് കൊച്ചിന്റെ ‘ഇത്’ മാറ്റിയില്ലെങ്കിൽ പണിയാകുമെന്ന് പറഞ്ഞ് പടിയിറങ്ങിയിട്ട് ദിവസം അധികമായില്ല .എന്റെ ബിസ്കറ്റുകൾ കഴിച്ചിട്ട് എനിക്ക് ‘പണി’ തന്ന അങ്കിളിന് എപ്പോഴെങ്കിലും ഒരു പണി തിരിച്ചു കൊടുക്കുമെന്നു എന്റെ മിച്ചം വന്ന  ബിസ്കറ്റുകളെ സാക്ഷ്യിയാക്കി തീരുമാനമെടുത്തതാണ് .
        പൊതുവേ എനിക്ക് സംസാരം കുറവായിരുന്നെങ്കിലും  ചേച്ചിയുമായി വീട്ടിൽ ആഭ്യന്തര യുദ്ധങ്ങൾ പതിവായിരുന്നു . ചേച്ചി വാക്കുകൾ കൊണ്ട് ആറ്റംബോംബുകൾ വർഷിക്കുമ്പോൾ ഞാൻ ഒരു പൊട്ടാ സുപോലും പൊട്ടിക്കാൻ പാടുപ്പെട്ടു . വല്ലപ്പോഴും അപ്പന്റെ സഹായം കിട്ടുമ്പോൾ മാത്രമാണ് ഞാൻ പിടിച്ചു നിൽക്കുന്നത് . അല്ലെങ്കിൽ ഉണ്ണിക്കുട്ടനു എന്നും തോല് വി മാത്രം.  ഇതൊന്നും പോരാത്തതിന് ഒരു ഫ്ളാഷ് ബാക്ക്കൂടി ഉണ്ട്.ഞാൻ നേഴ്സറി പഠിക്കുന്ന സമയം . അവിടെ തന്നെയുളള എൽ.പി.സ്കൂളിൽ ശിശുദിനവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ കലാപരുപാടികൾ ഉണ്ടായിരുന്നു . ഞാൻ ഓഡിറ്റോറിയത്തിൽ  പ്രസംഗം പറഞ്ഞു തുടങ്ങിയതും  ഭയങ്കര ചിരിയും ഇടയ്ക്ക് കൈയ്യടിയും….ഞാൻ വിചാരിച്ചു എന്റെ പ്രസംഗം സൂപ്പറായിട്ടാണെന്ന്.. പിന്നെയാണ് അറിഞ്ഞത് ഞാൻ ശിശുദിനം എന്നു പറയുമ്പോൾ സദസ്സ് കേട്ടത് ‘ഇശ്ശുദിനം’. അന്നു ഞാൻ ഈ സീൻ വിട്ടതാണ് . ഇതാ ഇപ്പോൾ എന്റെ ടീച്ചറായി എന്നെ തിരികെ കൊണ്ടു വന്നിരിക്കുന്നു. ടീച്ചറിനെ ഞങ്ങൾക്ക് വലിയ ഇഷ്ടമായിരുന്നു . അതു കൊണ്ടാണല്ലോ ഒരുപുറം പദ്യം പഠിക്കാൻ മടിയുള്ള ഞാൻ നാലു  പേജുള്ള പ്രസംഗം പഠിക്കാമെന്നു പറഞ്ഞ് കൈപറ്റിയത് .

      എന്തു കണ്ടിട്ടാണ് ഇവനെ പ്രസംഗത്തിന് എടുത്തത് ? എങ്ങനെ ഇവൻ  പ്രസംഗം പഠിക്കും ? ഇതൊക്കെ എന്റെ അപ്പൻ ചോദിച്ചപ്പോൾ ടീച്ചർ നല്കിയ മറുപടി അപ്പനു ഒരല്പം ആശ്വാസം നല്കി. പിന്നെ വീടും സ്കൂളും പ്രസംഗകളരിയായി മാറി .പ്രസംഗം കാണാപ്പാടം പഠിക്കുന്നതിൽ സഹായിക്കാൻ അമ്മ , ആക്ഷനും ശബ്ദ വ്യതിയാനങ്ങളും പറഞ്ഞു തരാൻ അപ്പൻ , സ്കൂളിൽ പല ആവർത്തി ചെയ്യിക്കാൻ ടീച്ചർ . ഇതിനിടയിൽ കലൂർ പള്ളിൽ പോയി എന്റെ ഇഷ്ടപ്പെട്ട അന്തോനീസു പുണ്യവാള നോട് അപേക്ഷ . പുള്ളിക്കാരനും അടിപൊളി പ്രസംഗകാരനാണെന്നു കേട്ടിട്ടുണ്ട് .അവസാനം മത്സരഫലം വന്നു  ഒന്നാം സമ്മാനം സെന്റ് മേരീസ് എൽ.പി. സ്കൂളിലെ അലക്സി ജേക്കബിന് . അതിനു പുറകേ ദേ വരുന്നൂ അടുത്ത പണി .എൽ.പി.വിഭാഗം മലയാളം പ്രസംഗം വിജയി വേണം എറണാകുളം പട്ടണത്തെ വിവിധ സ്കൂളുകളിലെ കുട്ടികൾ പങ്കെടുക്കുന്ന ശിശുദിനറാലി കഴിഞ്ഞുള്ള പൊതുയോഗത്തിൽ ആശംസപ്രസംഗം പറയാൻ . 

      മഴ കരണം പൊതുയോഗം ചിൽഡ്രൻസ് പാർക്കിൽ നിന്നും സമീപത്തെ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയിരുന്നു.വല്ല സോപ്പുപെട്ടിയോ പെൻസിൽ ബോക്സോ സമ്മാനം മേടിച്ചു നിൽക്കുന്ന മോനെ വിളിക്കാൻ വന്ന അപ്പൻ നിറഞ്ഞു കവിഞ്ഞ ഓഡിറ്റോറിയത്തിൽ എന്നെ കണ്ടെത്തുവാൻ നന്നേ പാടുപെട്ടു .പിന്നെയാണ് കണ്ടത് അങ്ങ്  സ്റ്റേജിൽ ജില്ലാ കളക്ടിന്റെ അടുത്തിരിക്കുന്നു ഒരു വലിയ ഷീല്ഡ് പിടിച്ച് അപ്പന്റെ മോൻ !!ആ ശിശുദിനം എന്റെ ജീവിതത്തിലെ ഒരടഞ്ഞ അധ്യായത്തിന്റെ താളുകൾ വീണ്ടും തുറന്നുതന്നു . പഠിച്ചിരുന്ന സ്കൂളിൽ ആൺകുട്ടികൾക്ക് നാലാം ക്ലാസ്സുവരെ പഠിക്കാൻ സാധിക്കുകയൊള്ളതിനാൽ തൊട്ടടുത്ത അദ്ധ്യാന വർഷം മറ്റൊരു സ്കൂളിനെ പ്രതിനിധീകരിച്ചാണ് പ്രസംഗ മത്സരത്തിൽ പങ്കെടുത്തത് .     ഒരു നല്ല പ്രസംഗകനായ എന്റെ കസിൻ ചേട്ടൻ ജിജോ സിറിയക് ഞാൻ പറയേണ്ട പ്രസംഗങ്ങൾ എഴുതുവാൻ തയ്യാറായി . വീട്ടിലെ ശക്തമായ പിന്തുണയും കൂടി ആയപ്പോൾ യു.പി വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാംസ്ഥാനം എനിക്ക്. ആ വർഷത്തെ ശിശുദിനത്തിന് മഴപെയ്തില്ല,തുറന്ന ജീപ്പിൽ ചാച്ചാജിയായി കൈകൾ വീശി റാലിക്കൊപ്പം നഗരവീധിയിലൂടെയുള്ള യാത്ര , കുട്ടികളും വലിയവരും കൊണ്ടു നിറഞ്ഞ ചിൽഡ്രൻസ് പാർക്ക്, വീണ്ടും കളക്ടറുടെ അടുത്ത് ഇരിപ്പിടം, പിറ്റേ ദിവസം പത്രത്തിൽ പേരും ഫോട്ടോയും .അങ്ങനെ മൊത്തത്തിൽ കളറായി. ഒരു ശിശുദിനം എന്റെ കോട്ടങ്ങളുടെ ദിനമായിരുന്നെങ്കിൽ ഇതാ മറ്റൊരു ശിശുദിനം നേട്ടങ്ങളുടെ ദിനമായി .ഈ ശിശുദിനത്തിന്റെ ഒരു കാര്യം .

   വർഷങ്ങൾ ഒത്തിരി കടന്നിരിക്കുന്നു.ശിശുദിനം ഇന്നും എനിക്ക് ഓർമ്മകളുടെ വസന്തം തന്നെ. ഒപ്പം ചില ചിന്തകളും. അതിലൊന്ന് നന്ദിയുടേതാണ് . അത് ഒരുപാടു പേരോടുണ്ട്…. പക്ഷേ സ്പെഷലായി  ഈ കുഞ്ഞു കഴിവ് ഞാൻ പോലും അറിയാതെ നിക്ഷേപിച്ച  ദൈവത്തിനും , ആരും അറിയാതെ ക്ലാസ്സിന്റെ ബഞ്ചിൽ തണുത്തുറച്ചു പോകുമായിരുന്ന അതിനെ ഊതി കത്തിച്ച ഞങ്ങളുടെ സൂസൻ ടീച്ചറിനും …..

6 thoughts on “Blog#5: ശിശുദിനം

  1. Well written.. nice article..

    Liked by 1 person

    1. Thanks Elmo for the feedback . God bless you .

      Like

  2. ഇപ്പത്തെ പോലെ തന്നെ കുഞ്ഞായിരിക്കുമ്പോഴും നിനക്കു സംസ്കാരം കുറവായിരുന്നല്ലേ…പിന്നെ ആ കൊഞ്ഞ ഇപ്പോഴുമുള്ളതല്ലേ, അത് നിന്റെ സംസ്കാരമില്ലായ്മയ്ക്ക് ഒരു പൊന്‍തൂവലാണെടാ…
    പിന്നെ എഴുത്ത് കളറായിട്ടുണ്ട്..ഇനിയും എഴുതുക…

    Liked by 1 person

    1. Thanks Ajith for the feedback and constant support . God bless you

      Like

  3. Vinod Chandra Bose November 5, 2016 — 6:54 am

    നീ ജനിച്ചപ്പോ മുതലേ ഒരു മഹാ സംഭവം തന്നെ. പ്രസംഗം മാത്രമല്ല നന്നായി എഴുത്തുന്നുമുണ്ട് നീ. എല്ലാ ആശംസകളും നേരുന്നു. ഇനിയും എഴുതുക.

    Liked by 1 person

    1. Thanks Vinod for the feedback 🙂 . God bless you

      Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this:
search previous next tag category expand menu location phone mail time cart zoom edit close