കാത്തിരിപ്പ് നീളുകയാണ് .. അപ്പൻ വന്നിട്ടു വേണം ആന , കുട്ട തുടങ്ങിയവ കളിക്കാൻ . പിന്നെ അപ്പൻ കുളി കഴിഞ്ഞ് അത്താഴത്തിനിരിക്കുമ്പോൾ എനിക്ക് രണ്ടു വാ ഉരുള. ഇതാണു ഞാൻ ഉറങ്ങിയിട്ടില്ലെങ്കിൽ പതിവു രീതി . ചിലപ്പോൾ ബേക്കറി പലഹാരം അപ്പൻ മേടിച്ചിട്ടുണ്ടാവും . അന്ന് സന്തോഷത്തിന്റെ രണ്ട് അമിട്ട് കൂടുതൽ പൊട്ടും .ദിവസമുള്ള യാത്രാക്ലേശവും ജോലി തിരക്കും എന്റെ ‘കളികൾക്ക്’ നോ പറയാൻ അപ്പനെ പ്രേരിപ്പിക്കാറില്ല . ആകെ ഒഴിവുള്ള ഞായറാഴ്ച പള്ളിപോകൽ ,ഇറിച്ചി മേടിക്കൽ ,മേടിച്ച ഇറച്ചി വീട്ടിൽ കൊണ്ടുവന്നു നുറുക്കൽ , ഉച്ചയൂണ്, ഉച്ച ഉറക്കം , പറമ്പിൽ കൂടെയുള്ള നടത്തം തുടങ്ങിയ കർമ്മങ്ങളിൽ അപ്പന്റെ ‘വാലു’ പോലെ ഞാൻ ഉണ്ടാകും . ഇത്രയും ആകുമ്പോൾ ഞാൻ എന്ന നേഴ്സറി പയ്യന്ന് ‘വീക്കന്റ് അടിപൊളി’.
ഇടയ്ക്ക് സന്തോഷത്തിന്റെ വേറെ അമിട്ട് പൊട്ടാറുണ്ട് . അതിലൊന്നാണ് ശ്രീ പത്നാഭ ടാക്കീസിലെ ഫസ്റ്റ് ഷോ. തിരിച്ചെത്തിക്കഴിഞ്ഞ് സിനിമയെ ചുറ്റിപറ്റിച്ചുള്ള ചർച്ചകളിൽ അപ്പനും, അമ്മയും ചേച്ചിയും മുഴുകുമ്പോൾ ഞാൻ താത്വികമായ ഒരു അവലോകനം നടത്തുക ഇടവേളക്ക് മേടിച്ച വറുത്ത കപ്പിലണ്ടിയെ പറ്റിയാണ്, എന്റെ ഫേവറിറ്റാണത്.പിന്നെ വല്ലപ്പോഴും എറണാകുളത്തേക്കുള്ള യാത്ര . യാത്രയുടെ തലേന്ന് സന്തോഷം കൊണ്ട് എനിക്ക് ഉറങ്ങാൻ പറ്റാറില്ല . കപ്പലു പള്ളിയിലെ പ്രാർത്ഥനയും ബ്രോഡ് വേയിലെ ഷോപ്പിങ്ങും ഒക്കെ കിഴഞ്ഞാണ് എന്റെ ഐറ്റം വരുക . നല്ല ചൂടുള്ള ക്രിസ്പി പറോട്ടയും തേങ്ങ വറുത്തരച്ച കോഴി കറിയും (പറോട്ട വിരോധികൾ എന്നോടു ക്ഷമിക്കുക ). പിന്നെ ഞാനും ചേച്ചിയും അപ്പനും അമ്മയും മാത്രം പോയ കൊഡൈക്കനാൽ , ബാംഗ്ലൂർ യാത്രകൾ . ഒരു നേഴ്സറി പയ്യന്റെ നിറങ്ങൾ കലർന്ന ഈ ഓർമ്മയുടെ പിന്നിൽ സമയവും സമ്പത്തും സന്തോഷത്തോടെ ചിലവഴിക്കാൻ ഒരാളുണ്ടായിരുന്നു എന്റെ അപ്പൻ.
വീട് എത്താറായി . ഇന്നത്തെ എന്റെ ജോലിയുടെ ക്ഷീണവും സമ്മർദ്ദവും പിന്നെ സായിപ്പിന്റെ കയ്യിൽ നിന്നു കിട്ടിയ ‘പ്രൊഫഷണൽ’ തെറിയും കൊച്ചീക്കാർ വെയിസ്റ്റ് കളയും പോലെ വരുന്ന വഴിയിൽ തന്നെ കളയണം .ഞാൻ ഗേറ്റ് കടന്ന് ചെല്ലുമ്പോൾ എബെൽ കുട്ടനും അമേയ കുട്ടിയും അക്ഷമരായി കാത്തിരിക്കുന്നു . കണ്ട മാത്രയിൽ ഒരാൾ ചാടുന്നു മറ്റേ ആൾ വിളിച്ചു പറഞ്ഞോണ്ട് ഓടുന്നു ‘ അമ്മേ ദേ അപ്പൻ വന്നു നമുക്കു പോകാം ‘ . ഇന്നു പുറത്തു കൊണ്ടുപോകാമെന്നു ഞാൻ വാക്കു കൊടുത്തിരുന്നു .
ദൈവത്തോട് രണ്ടു ആഗ്രഹങ്ങൾ പറഞ്ഞൊള്ളൂ ഒന്ന് മക്കൾക്ക് സന്തോഷത്തിന്റെ നിറം കലർന്ന ഓർമ്മകൾ കൊടുക്കാൻ പറ്റണം . രണ്ട് അവർ വലുതാകുമ്പോൾ സത്യസന്ധമായി പറയണം അപ്പൻ നിങ്ങളെ കഷ്ടപ്പെട്ടു വളർത്തിയില്ല . മറിച്ച് ഇഷ്ടപ്പെട്ടാണു വളർത്തിയത്….